ഉരുൾപൊട്ടലിൽ വിറച്ച് മലയോര മേഖല

കരിങ്കയം വിആർടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ


വടക്കഞ്ചേരി രണ്ടുദിവസമായി മലയോര മേഖലയിൽ ഉണ്ടായത് ഇരുപത്തഞ്ചോളം ഉരുൾപൊട്ടലുകൾ. നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷിനാശം. മുൻകരുതൽ സ്വീകരിച്ചതിനാൽ ആളപായമുണ്ടായില്ല. കിഴക്കഞ്ചേരി, മംഗലംഡാം മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയിൽനിന്ന് മലയോരജനത ഇനിയും മുക്തമായിട്ടില്ല. കരിങ്കയം വിആർടി, ഓടംതോട്, കവിളുപാറ, കടപ്പാറ, പാലക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്.  കരിങ്കയം വിആർടിയിൽ ചെരട്ടക്കുന്ന്, സിവിഎം, മാനിള, കവ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായി. നിരവധി വീടുകളും കൃഷിസ്ഥലങ്ങളും തകർന്നെങ്കിലും ആളപായമുണ്ടായില്ല. അപകടം മുന്നിൽക്കണ്ട് എല്ലാ കുടുംബങ്ങളെയും പഞ്ചായത്ത് റവന്യു അധികൃതർ ചേർന്ന് വിആർടി പള്ളിയിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല.  ഓടംതോട്ടിലെ ചടച്ചിക്കുന്ന്, കവിളുപാറ, പ്രഭുറാം, ലഡാക്ക്, പടങ്ങിട്ടതോട് തുടങ്ങിയ പ്രദേശങ്ങളിലും പാലക്കുഴി, കണച്ചിപ്പരുത, കടപ്പാറ മേഖലയിലും ഉരുൾപൊട്ടി. റബർ, വാഴ, പൈനാപ്പിൾ തുടങ്ങിയ ഏക്കർ കണക്കിന് കൃഷിയെ ബാധിച്ചു. ഉരുൾപൊട്ടൽ ഭീഷണിയിൽ കവിളുപാറ ആദിവാസി കോളനിയിലെ 37 കുടുംബങ്ങളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന്റെ ഭീതിയിൽനിന്നും മലയോര ജനത ഇനിയും മുക്തമായിട്ടില്ല. ഉരുൾപൊട്ടലിനെത്തുടർന്ന് തകർന്ന റോഡുകൾ നന്നാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. വൈദ്യുതി–കുടിവെള്ള ബന്ധവും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല.  മഴ കനത്താൽ ഏത് നിമിഷവും ഉരുൾപൊട്ടുമെന്ന ഭീതിയുമുണ്ട്. ഇതിനിടയിൽ ഉപ്പ്മണ്ണിൽ ഭൂമി വിണ്ട് കീറിയ പ്രദേശവും കരിങ്കയത്ത് മലയിലുണ്ടായ വിള്ളലും റവന്യു ജിയോളജി അധികൃതർ സന്ദർശിച്ചു. മധ്യമേഖലാ ജിയോളജിസ്റ്റ് കിഷോർ, വില്ലേജ് ഓഫീസർ എം എസ് വിശാഖ്, സ‌്പെഷ്യൽ വില്ലേജ് ഓഫീസർ കെ ശിവകുമാർ, മംഗലംഡാം എസ്ഐ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. Read on deshabhimani.com

Related News