പുറത്താക്കിയത്‌ അറിയിച്ചില്ലെന്ന്‌ കെപിസിസി അംഗംപട്ടാമ്പി  കോൺഗ്രസിൽനിന്നും തന്നെ സസ്‌പെൻഡ‌് ചെയ്ത കാര്യം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം ടി പി ഷാജി. തനിക്ക് ഒരു കത്തും പാർടി നേതൃത്വം നൽകിയിട്ടില്ല.  എന്തായാലും പാർടി നടപടി അംഗീകരിക്കുന്നു. പാർടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പരാതിയിലാണ് നടപടി എന്നാണ് മാധ്യമങ്ങളിൽനിന്ന്‌ അറിയാൻ കഴിഞ്ഞതെന്ന‌ും ടി പി ഷാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പട്ടാമ്പി നഗരസഭാ കൗൺസിലറായ താൻ നഗരസഭാ ഭരണസമിതിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഇതുവരെ ഉന്നയിച്ചിട്ടില്ല. കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ സാധാരണയായി നടക്കാറുള്ളതാണ്. അത് പാർടിയുടെ ആഭ്യന്തര പ്രശ്നമാണ്. അതിൽ ഘടക കക്ഷികൾ ഇടപെടാറില്ല. എന്നാൽ ഇവിടെ തനിക്കെതിരെ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് ദൗർഭാഗ്യകരമായി പോയെന്ന് അദ്ദേഹം പറഞ്ഞു. ഒരു നേതാവ് ലീഗുകാർ തനിക്കെതിരെ യുഡിഎഫിൽ പരാതി നൽകിയിട്ടുണ്ടെന്നും അവരുടെ നേതാവിനെ കണ്ട് സംസാരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിന് താൻ തയ്യാറായില്ല. ലീഗിന്റെ പിന്തുണയിൽ കോൺഗ്രസിൽ തനിക്ക് സ്ഥാനങ്ങൾ ആവശ്യമില്ലയെന്നും ടി പി ഷാജി പറഞ്ഞു. നഗരസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പിന്നിൽ താനാണെന്ന് ചിലർ ആരോപിക്കുന്നത‌് എന്ത‌് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കൗൺസിലർമാരുടെ സ്വത്ത‌് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കേണ്ടത് പാർലമെന്ററി പാർടി ലീഡറുടെ ഉത്തരവാദിത്തമാണ്‌. ഇതിലെ വീഴ്ച മറച്ചുവയ‌്ക്കാനാണ് തന്റെ പേരിൽ കുറ്റം ചാർത്തുന്നതെന്നും ടി പി ഷാജി പറഞ്ഞു. കഴിഞ്ഞദിവസം സിപിഐ എം നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. അതിന് പുറകിലും താനാണെന്നാണ് ആരോപണം. യഥാർഥ ആരോപണ വിധേയർ അതിന് കൂട്ടായി മറുപടി പറയുകയാണ് വേണ്ടത്. എന്നാൽ അതിന് തയ്യാറാകാതെ ആ കുറ്റം തന്റെ തലയിൽ അടിച്ചേൽപ്പിക്കാനാണ് ചിലർ ശ്രമിച്ചത്.  അടുത്തിടെ ശങ്കരമംഗലത്ത് ക്വാറിക്ക് അനുമതി നൽകുന്നതിനെതിരെ മാത്രമാണ് താൻ വിയോജനക്കുറിപ്പ് എഴുതിയത്. നഗരസഭയ്ക്കകത്ത് ചില ക്രമക്കേടുകൾ ഉണ്ടെന്ന‌് ചർച്ചയുണ്ട്. അത് തിരുത്തേണ്ട ഉത്തവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി തന്നെ ബലിയാടാക്കാനാണ് മുസ്ലീം ലീഗിന്റെ സഹായത്തോടെ ചിലർ നടത്തിയത്. വിഷയത്തെക്കുറിച്ച് വിശദവും സുതാര്യവുമായ അന്വേഷണം വേണമെന്നും ടി പി ഷാജി പറഞ്ഞു. Read on deshabhimani.com

Related News