മലമ്പുഴ വെള്ളം കനാലിലേക്ക‌് തുറന്നു

മലമ്പുഴ വെള്ളം കൃഷി ആവശ്യത്തിന‌് കനാലിലേക്ക‌് തുറന്നുവിട്ടപ്പോൾ. മരുതറോഡ‌് ഭാഗത്തുനിന്നുള്ള ദൃശ്യം


പാലക്കാട‌് മലമ്പുഴ അണക്കെട്ടിൽനിന്ന‌് കനാലുകളിലേക്ക‌്  വെള്ളം തുറന്നു. കൃഷി ആവശ്യത്തിനായി 15 ദിവസത്തേക്കാണ‌് കനാലിലൂടെ വെള്ളം കൊടുക്കുക. ഈ സാഹചര്യത്തിൽ പുഴയിലേക്ക‌് വെള്ളം ഒഴുക്കുന്നത‌് നിർത്തി. ഇടതുകനാലിലൂടെ സെക്കന്റിൽ 325 ഘനയടി വെള്ളവും വലത‌് കനാലിലൂടെ സെക്കൻഡിൽ 75 ഘനയടി വെള്ളവുമാണ‌് തുറന്നുവിട്ടിരിക്കുന്നത‌്. ഇടതുകര കനാൽവഴി കൊടുവായൂർ വരെയും വലതുകര വഴി പത്തിരിപ്പാലവരെയും വെള്ളമെത്തും.  ഇടതു കനാലിലൂടെ 650 ഘനയടി വെള്ളവും വലതു കനാലിലൂടെ 150 ഘനയടി വെള്ളവും പരമാവധി തുറന്നുവിടാനാകും. എന്നാൽ പ്രളയത്തിൽ കനാലിന്റെ പല ഭാഗങ്ങളും തകരുകയും കല്ലും മരവുമൊക്കെ വീണ് അടയുകയും ചെയ‌്തതിനാൽ മുഴുവനായി വെള്ളം ഒഴുക്കാനാവില്ല.  പ്രധാന കനാലിലെ തടസ്സം പൂർണമായും നീക്കിയിട്ടുണ്ട‌്. വരുംദിവസങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ കൂടുതൽ വെള്ളം വിട്ടേക്കും. പ്രളയത്തിനുശേഷം പെട്ടെന്ന‌് പാടങ്ങളിലെ വെള്ളം വലിഞ്ഞുപോകുകയും കൃഷി ഉണക്കിലേക്ക‌് നീങ്ങുകയും ചെയ‌്ത സാഹചര്യത്തിലാണ‌് കൃഷിക്കാരുടെ ആവശ്യം പരിഗണിച്ച‌് കനാലിലേക്ക‌് വെള്ളമൊഴുക്കുന്നത‌്. നിലവിൽ നെൽച്ചെടികളിൽ കതിർ വരുന്ന സമയമായതിനാൽ വെള്ളം കെട്ടിനിർത്തേണ്ടത്‌ അനിവാര്യമാണ‌്. അല്ലെങ്കിൽ കൃഷി ഉണങ്ങും. സാധാരണ ഒന്നാംവിളയ‌്ക്ക‌് അണക്കെട്ടിലെ വെള്ളം ഉപയോഗിക്കാറില്ല. കാലവർഷത്തെ ആശ്രയിച്ചാണ‌് ഒന്നാംവിള കൃഷി ചെയ്യുക. അടിയന്തര സാഹചര്യത്തിൽ മാത്രമാണ‌് അണക്കെട്ട‌് വെള്ളത്തെ ആശ്രയിക്കുക. Read on deshabhimani.com

Related News