മറ്റ‌് ജില്ലകളിലേക്ക‌് ഭക്ഷ്യധാന്യവിതരണം തുടരുന്നു  പാലക്കാട‌് പാലക്കാട‌്നിന്ന‌് മറ്റ‌് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് സഹായവിതരണം തുടരുന്നു. ‘കിൻഫ്ര’യിൽ  ശേഖരിച്ചാണ‌് ക്യാമ്പുകളിലേക്ക‌് സാധനങ്ങൾ മറ്റ‌് ജില്ലകളിലേക്ക‌് കയറ്റി അയക്കുന്നത‌്. അമ്പത‌് ലോഡിൽപ്പരം സാധനങ്ങൾ ഇതുവരെ കയറ്റി അയച്ചു. മറ്റ‌് ജില്ലകളിലേക്ക‌് സാധനങ്ങൾ കയറ്റി അയക്കാൻ ‘കിൻഫ്ര’യിൽ ശേഖരണകേന്ദ്രം തുടങ്ങിയിട്ട‌് രണ്ടാഴ‌്ച പിന്നിടുകയാണ‌്. തൃശൂർ, എറണാകുളം, വയനാട‌്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ക്യാമ്പുകളിലേക്കാണ‌് കഴിഞ്ഞ ദിവസം സാധനങ്ങൾ പോയത‌്.  ആലപ്പുഴയിൽ കുട്ടനാട്ടിലേക്കും തൃശൂരിൽ കൊടുങ്ങല്ലൂരിലേക്കും  30 ടണ്ണിലധികം  സാധനങ്ങൾ ചൊവ്വാഴ‌്ച കയറ്റിവിട്ടു. അരി, പലവ്യഞ‌്ജനങ്ങളടക്കമുള്ള ഭക്ഷ്യവസ‌്തുക്കൾ, വസ‌്ത്രങ്ങൾ, ഗ്ലാസുകൾ, കുടിവെള്ളം എന്നിവയെല്ലാം ’കിൻഫ്ര’യിലാണ‌് ശേഖരിക്കുന്നത‌്. ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് ഏറെ ആശ്വാസമാകുകയാണ‌് പാലക്കാട‌്നിന്നുള്ള  സഹായം.  മറ്റ‌് സംസ്ഥാനങ്ങളിൽനിന്നുള്ള സാധനങ്ങളാണ‌് ‘കിൻഫ്ര’യിൽ ശേഖരിക്കുന്നത‌്. റെയിൽമാർഗം ഷൊർണൂരിലും സാധനങ്ങളെത്തുന്നുണ്ട‌്. ഇതും ‘കിൻഫ്ര’യിലെത്തിച്ചാണ‌് മറ്റ‌് ജില്ലകളിലേക്ക‌് അയക്കുന്നത‌്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നാണ‌് സഹായപ്രവാഹം തുടരുന്നത‌്.  തമിഴ‌്നാട്ടിൽനിന്നാണ‌് ഏറ്റവും കൂടുതൽ സഹായമെത്തുന്നതെന്ന‌് അധികൃതർ പറഞ്ഞു. ഇതിനിടെ പാലക്കാട‌് ദുരിതാശ്വാസക്യാമ്പുകൾ വിട്ട‌് വീടുകളിലേക്ക‌് പോയവർ ജീവിതത്തിലേക്ക‌് മടങ്ങി. സർക്കാർ സഹായത്തോടെ പുതിയ ജീവിതം കരു പിടിപ്പിക്കാനുള്ള ശ്രമത്തിലാണിവർ. സർക്കാർ അടിയന്തരധനസഹായമായ 10,000 രൂപ വീതം 7,330പേർക്ക‌് വിതരണം ചെയ‌്തു. മൊത്തം 7.33 കോടി രൂപയാണ‌് വിതരണം ചെയ‌്തത‌്. 10,000 രൂപ ലഭിച്ചത‌് പ്രളയബാധിതർക്ക‌് ഏറെ ആശ്വാസമായി. അത്യാവശ്യസാധനങ്ങളടങ്ങുന്ന കിറ്റുകളും നൽകിയിരുന്നു.  ജില്ലയിൽ പാലക്കാട‌് അപ‌്നാ ഘറും ആലത്തൂരിൽ മംഗലംഡാം വിആർടി പാരിഷ‌് ഹാളിലുമാണ‌് ദുരിതാശ്വാസക്യാമ്പുകളായി തുടരുന്നത‌്. പാരിഷ‌്ഹാളിൽ രണ്ടു കുടുംബങ്ങളിലായി എട്ടു പേരാണുള്ളത‌്. ഇവർ താമസിച്ചിരുന്നിടത്ത‌് ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്നാണ‌് ഇവിടേക്കു മാറ്റിയത‌്. അപകടഭീഷണിയുള്ളതിനാൽ ക്യാമ്പ‌് ഇപ്പോഴും തുടരുകയാണ‌്. അപ‌്നാ ഘറിൽ ഒമ്പത‌് കുടുംബങ്ങളിലായി 37 പേരാണുള്ളത‌്. ആകെ 45 പേരാണ‌് ജില്ലയിൽ രണ്ടു ക്യാമ്പുകളിലായി ഇപ്പോൾ കഴിയുന്നത‌്.   Read on deshabhimani.com

Related News