മണ്ണുത്തി ദേശീയപാത തകർച്ച: റിലേ നിരാഹാരം തുടങ്ങി  വടക്കഞ്ചേരി വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാത നന്നാക്കാത്തതിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച മുതൽ പ്രഖ്യാപിച്ച   സ്വകാര്യ ബസ് സമരത്തിനുപുറമേ ഇരുമ്പ്പാലത്തിനു സമീപം ജനകീയ സമിതിയുടെ നേതൃത്വത്തിൽ റിലേ നിരാഹാരസമരവും ആരംഭിച്ചു.  പ്രളയക്കെടുതിക്കുശേഷം ദേശീയപാതയിലിലൂടെ യാത്ര ഏറെ ദുഷ‌്കരമാണ്.  കൊമ്പഴ മുതൽ വഴുക്കുംപാറ വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ റോഡുകൾ തകർന്നത‌്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻവേണ്ടി ദേശീയപാത കരാറെടുത്തിരിക്കുന്ന കമ്പനി അധികൃതർ ക്വാറിവേസ്റ്റും മറ്റും ഇട്ട് വൻ കുഴികൾ നികത്തിയിരുന്നു. അവയെല്ലാം ദിവസങ്ങൾക്കകം വീണ്ടും വലിയ കുഴികളായി. ക്വാറി വേസ്റ്റിന്റെ  പൊടി പ്രദേശവാസികൾക്ക‌് ആരോഗ്യപ്രശ‌്നങ്ങളുമുണ്ടാക്കുന്നു.  ഈ സാഹചര്യത്തിലാണ് ഇരുമ്പ്പാലത്തിനു സമീപം നാട്ടുകാർ ജനകീയസമരം ആരംഭിച്ചത്. ഇരുമ്പ്പാലം, വാണിയംപാറ, കൊമ്പഴ പ്രദേശങ്ങളിലെ നാട്ടുകാരുടെ നേതൃത്വത്തിലാണ‌് സമരം.      ഒരു വിഭാഗം സ്വകാര്യബസുകൾ ബുധനാഴ്ച മുതൽ സർവീസ് നിർത്തിവയ‌്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. റോഡ‌് തകർച്ചയ‌്ക്കു പുറമെ നിരന്തരമുള്ള ഇന്ധനവില വർധനയും ബസ‌് സർവീസുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാത്രമല്ല, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സർവീസ് നടത്തുമ്പോൾ യന്ത്രത്തകരാർ പതിവാണ‌്. കൂടാതെ പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്. കൊമ്പഴയിൽനിന്നും കുതിരാൻ കടന്നു കിട്ടാൻ മണിക്കൂറുകളാണ് എടുക്കുന്നത്. കുതിരാൻ ഭാഗത്തെ റോഡ് റീ ടാർ ചെയ്യുകയോ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കുകയോ ചെയ്താൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളൂ.   Read on deshabhimani.com

Related News