ഉറക്കം ഉണർന്ന‌് റൈഫിൾ ക്ലബ‌്പാലക്കാട‌് പാലക്കാട‌് റൈഫിൾ ക്ലബ‌്, ഇവിടെനിന്ന‌് ഒട്ടേറെപ്പേർ ഇന്ന‌് കേരളത്തിനുവേണ്ടി കാഞ്ചിവലിക്കുന്നു. ലക്ഷ്യം തെറ്റാതെ അവർ മെഡലുകളും കൊണ്ടുവരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ 11 മെഡലുകൾ നേടിയ പാലക്കാട‌് റൈഫിൾ ക്ലബ‌് ഇന്ന‌് ബഹുദൂരം മുന്നിലാണ‌്. 13 വർഷം മുമ്പാണ‌് വടക്കഞ്ചേരി മഞ്ഞപ്രയിലെ കണ്ണൻ‐ഇന്ദിര ദമ്പതികളുടെ മകൻ  ലെനു കണ്ണൻ പാലക്കാട‌് റൈഫിൾ അക്കാദമിയിലെത്തുന്നത‌്. അന്നുമുതലേ ഷൂട്ടിങ‌് ജീവിതത്തിന്റെ ഒരുഭാഗമായി മാറുകയായിരുന്നു. ജില്ലയെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ച‌് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. ‌എട്ടു വർഷത്തോളം മത്സരരംഗത്ത‌് സജീവമായിരുന്ന ഇദ്ദേഹം, മറ്റൊരു ജോലിയിൽ പ്രവേശിക്കുമ്പോഴും  മനസ്സിൽ ഷൂട്ടിങ‌് മാത്രമായിരുന്നു. ഒടുവിൽ ഒരു വർഷംമുമ്പ‌് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച‌്  സ്ഥാപനത്തിലെ ചീഫ‌് ഇൻസ‌്ട്രക‌്ടറായി മാറുകയായിരുന്നു അദ്ദേഹം. ലെനു കണ്ണനുകീഴിൽ നിരവധി പേരാണ‌് ഷൂട്ടിങ്ങിൽ മെഡൽ കൊയ‌്തത‌്.   ഷൂട്ടിങ‌് രംഗത്ത‌് ഏറെ നേട്ടം കൊയ‌്ത ചരിത്രമുള്ള പാലക്കാട‌് റൈഫിൾ ക്ലബ‌് കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിന്റെ പ്രവർത്തനങ്ങളിൽ അൽപ്പം പുറകോട്ടാണ‌്. മത്സര വിജയങ്ങളിലും ആ കുറവ‌് നിഴലിച്ചു. ഈ സമയത്താ‌ണ‌് ലെനു പരിശീലകനായെത്തുന്നത‌്. ഇതോടെ മയക്കത്തിൽ നിന്നുണർന്ന‌് വീണ്ടും വിജയഗാഥ രചിക്കുകയാണ‌് അസോസിയേഷൻ.  ചെന്നൈയിൽ നടന്ന ജി വി മാവ‌്‌ലങ്കാർ ഷൂട്ടിങ‌് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച‌് പങ്കെടുത്ത 33 പേർ പാലക്കാട‌് റൈഫിൾ അസോസിയേഷനിലെ ലെനുവിന്റെ ശിഷ്യൻമാരായിരുന്നു. കേരളത്തിന‌് ലഭിച്ച 11 മെഡലുകൾ നേടിയെടുത്തത‌് പാലക്കാട‌് നിന്നുള്ള നാലുപേരാണ‌്. ചന്ദ്രനഗർ ഭാരത‌്മാതാ സ‌്കൂളിലെ പത്താം ക‌്ലാസ‌് വിദ്യാർഥി കെ സി ശ്രീഹരി, ലയൺസ‌് സ‌്കൂൾ ഒമ്പതാം ക്ലാസ‌് വിദ്യാർഥി മാനസ‌് പ്രവീൺ, ഒറ്റപ്പാലം എൻഎസ‌്എസ‌് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി ആർ വിജയ‌്, ഗവ. മോയൻസ‌് സ‌്കൂളിലെ പ്ലസ‌്‌വൺ വിദ്യാർഥിനി കെ എസ‌് നിരഞ‌്ജന എന്നിവർക്കാണ‌് മെഡൽ ലഭിച്ചത‌്. വിവിധ വിഭാഗങ്ങളിലായി ശ്രീഹരി മൂന്ന‌് സ്വർണമെഡലും മാനസ‌് പ്രവീൺ ഒരു വെള്ളി, രണ്ട‌് വെങ്കലം എന്നിവയും വിജയും  നിരഞ്ജനയും മൂന്ന‌് വെള്ളി വീതവും നേടി.  അക്കാദമിയിലെ കണിശക്കാരനായ പരിശീലകനാണ‌് ലെനു. ഇത‌് വിജയത്തിലെത്തുവാൻ തങ്ങളെ ഏറെ സഹായിച്ചതായി വിദ്യാർഥികൾ പറയുന്നു. ക്യാമ്പുകൾ നടത്തി മികച്ച പ്രകടനം കാഴ‌്ച വയ‌്ക്കുന്നവരെയാ‌ണ‌് ഇവിടെ പരിശീലനത്തിന‌് തെരഞ്ഞെടുക്കുന്നത‌്. 11 വയസ്സിന‌് മുകളിലുള്ളവർക്ക‌് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാം. സ‌്കൂൾ അവധി സമയത്ത‌് എല്ലാ ദിവസവും പരിശീലന ക്ലാസ‌് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സ‌്കൂൾ ദിനങ്ങളിൽ പകൽ 3.30ന‌് ശേഷവുമാണ‌് പരിശീലനം. 11 വയസ്സുകാർ മുതൽ 64 വയസ്സുകാരൻവരെ ഇവിടെ പരിശീലനം നേടുന്നുണ്ട‌്. ലെനു എത്തിയതോടെ പരിശീലന പരിപാടികൾക്ക‌് മികവേറിയതായി അസോസിയേഷൻ സെക്രട്ടറി വി നവീൻ പറയുന്നു. തോക്ക‌് ഇറക്കുമതി ചെയ്യാനും മറ്റും അനുവാദമുള്ള നാഷണൽ റിനൗൺ ഷൂട്ടർകൂടിയാണ‌് ലെനു. പാലക്കാട‌് റൈഫിൾ അസോസിയേഷൻ എക‌്സിക്യൂട്ടീവ‌് അംഗവുമാണ‌്.   Read on deshabhimani.com

Related News