മലമ്പുഴ വെള്ളം ഇന്നു മുതൽ കൃഷിക്ക‌് തുറക്കുംപാലക്കാട‌് മലമ്പുഴ ഡാമിൽനിന്ന‌് കൃഷിയാവശ്യത്തിന‌് കനാലുകളിലൂടെ ചൊവ്വാഴ‌്ച രാവിലെ പത്തു മുതൽ വെള്ളം തുറന്നുവിടും. തിങ്കളാഴ‌്ച കലക‌്ടറേറ്റിൽ ചേർന്ന മലമ്പുഴ, പോത്തുണ്ടി, മംഗലം, ചേരാമംഗലം പദ്ധതികളുടെ ഉപദേശകസമിതി യോഗത്തിലാണ‌് തീരുമാനം. ഇടതുകനാലിലൂടെ 650 ക്യു സെക‌്സ‌് വെള്ളവും വലതു കനാലിലൂടെ 150 ക്യു സെക‌്‌സ‌് വെള്ളവുമാണ‌് പരമാവധി തുറന്നുവിടാനാവുക. എന്നാൽ ആദ്യഘട്ടത്തിൽ ഇടതുകനാലിലൂടെ 325 ക്യു സെക‌്സ‌് വെള്ളവും വലത‌് കനാലിലൂടെ 75 ക്യു സെക‌്സ‌് വെള്ളവും മാത്രമേ തുറന്നുവിടൂ. കനത്ത മഴയെത്തുടർന്ന‌് കനാലിൽ പലയിടത്തും മണ്ണും മരങ്ങളും വീണ‌് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ‌് ആദ്യഘട്ടത്തിൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ കുറവുവരുത്തിയത‌്.  പ്രധാനകനാലിൽ മാത്രമാണ‌് തടസ്സം നീക്കുന്ന പ്രവൃത്തി പൂർത്തിയാക്കാനായത‌്. തടസ്സങ്ങളില്ലാതെ ജലവിതരണം നടത്താനായാൽ ഇടതു കനാലിലൂടെ 400 ക്യു സെക‌്സ‌് വെള്ളം കടത്തിവിടാനും തീരുമാനമായി.  മഹാപ്രളയം കഴിഞ്ഞ‌് 20 ദിവസം പിന്നിടുമ്പോഴേക്കും ജില്ല വീണ്ടും വരൾച്ചയുടെ വക്കിലാണ‌്. പ്രളയാനന്തരം അവശേഷിക്കുന്ന കൃഷിക്ക‌് വെള്ളം കിട്ടിയില്ലെങ്കിൽ നശിക്കുമെന്ന അവസ്ഥയിലാണ‌്. ഈ സാഹചര്യത്തിലാണ‌് കൃഷിക്കായി കനാൽ തുറക്കാൻ തീരുമാനമെടുത്തത‌്. നിലവിൽ ഡാം ഷട്ടറുകൾ തുറന്ന‌് വെള്ളം പുഴയിലേക്ക‌് തുറന്നുവിടുകയാണ‌്. ചൊവ്വാഴ‌്ച കനാൽ തുറക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ‌്ച രാത്രി ഡാമിന്റെ ഷട്ടറുകൾ അടയ‌്ക്കും. നിലവിലെ സാഹചര്യത്തിൽ 15 ദിവസമെങ്കിലും ജലവിതരണം നടത്താനാകുമെന്ന‌് മലമ്പുഴ ഇറിഗേഷൻ എക‌്സിക്യുട്ടീവ‌് എൻജിനിയർ എസ‌് എസ‌് പത്മകുമാർ പറഞ്ഞു.  മണ്ണിടിച്ചിൽമൂലം തകർന്ന പോത്തുണ്ടി ഡാമിൽനിന്നുള്ള കനാൽപൈപ്പുകൾ പുനഃസ്ഥാപിക്കാത്തതിനാൽ ജലവിതരണം ഉടൻ നടത്താനാകില്ല. ഇവ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യാൻ പോത്തുണ്ട‌ി സബ‌്ഡിവിഷൻ ‌എക‌്സിക്യുട്ടീവ‌് എൻജിനിയറുടെ നേതൃത്വത്തിൽ യോഗം ചേരും. മംഗലം ഡാം കനാൽ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല.   യോഗത്തിൽ കലക്ടർ ഡി ബാലമുരളി അധ്യക്ഷനായി. എഡിഎം ടി വിജയൻ, കൃഷി വകുപ്പ‌് അസി. ഡയറക്ടർ പി ആർ ഷീല, ഇറിഗേഷൻ എക‌്സിക്യുട്ടിവ‌് എൻജിനീയർമാർ, എഇമാർ, ജനപ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News