ഓല കരിച്ചിൽ വ്യാപകം; നെൽക്കൃഷി നാശത്തിലേക്ക്ഒറ്റപ്പാലം മണ്ണൂർ മോതിരോലി പാടശേഖരത്തിൽ ഓലകരിച്ചിൽ കാരണം നെൽക്കൃഷി നശിക്കുന്നു. കൊയ്യാൻ പാകമായ 25 ഹെക്ടർ നെൽക്കൃഷിയാണ് നശിച്ചത്. മണ്ണൂർ പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി മുഴുവൻ കർഷകരും ഇത്തവണ കൃഷിയിറക്കിയിരുന്നു. ഈ കൃഷിയെല്ലാം നശിച്ച് കർഷകർ ദുരിതത്തിലാണ‌്. ഒരു ഏക്കറിന‌് 30,000 രൂപ ചെലവ് ചെയ്താണ് കർഷകർ കൃഷിയിറക്കിയത്. വായ‌്പയെടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും ഇറക്കിയ കൃഷി നശിച്ചതോടെ പണം തിരികെ അടയ‌്ക്കാൻ കഴിയാതെ പാടുപെടുകയാണ് കർഷകർ.  കൃഷ‌്ണദാസ്, ലിജിത്, സുരേഷ്, സന്തോഷ്, അശ്വിൻ, രാമദാസ്, ടി ആർ ശശി, സുഷമ കുമാർ, പ്രവീൺ, വിശ്വനാഥൻ, സുന്ദരൻ തുടങ്ങിയ 30  കർഷകരുടെ നെൽക്കൃഷിയാണ് കരിഞ്ഞ് ഉണങ്ങിയത‌്. കൊയ‌്തെടുത്താൽ കൊയ‌്ത്ത് യന്ത്രത്തിനുപോലും  വാടക നൽകാനുള്ള പണം കിട്ടാത്ത അവസ്ഥയാണിപ്പോൾ.  പഞ്ചായത്ത് ഇടപെട്ട‌് സർക്കാരിൽനിന്ന്  നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജില്ലയിലെ കൊല്ലങ്കോട‌്, പൊൽപ്പുള്ളി, ചിറ്റൂർ, തത്തമംഗലം, വടവന്നൂർ, കിണാശേരി, കണ്ണാടി തുടങ്ങിയ പ്രദേശങ്ങളിലും ഓലകരിച്ചിൽ വ്യാപകമാണ‌്. കൊയ്യാൻ പാകമായ നെൽവയൽ  ഉണങ്ങി കരിഞ്ഞ‌ിരിക്കുകയാണ‌്. ഓലകരിച്ചിൽ ബാധിച്ച നെൽച്ചെടികൾ കൊയ‌്തെടുക്കാൻ കഴിയില്ല. നെൽമണികൾ പതിരായി മാറുന്നതിനാൽ  നെൽച്ചെടികൾ ബലമില്ലാതാകും. ഇത‌്  കൊയ‌്ത്ത‌് യന്ത്രം ഇറക്കി കൊയ്യുമ്പോൾ പൊടിഞ്ഞുപോകും. ചെലവു ചെയ‌്ത തുക പോലും കിട്ടില്ല. ഗുണനിലവാരമില്ലാത്ത നെല്ലായതിനാൽ സിവിൽ സപ്ലൈസും സംഭരിക്കാൻ തയ്യാറാവില്ല. സ്വകാര്യ മില്ലുകാരാണെങ്കിൽ കുറഞ്ഞ വില നൽകിയേ സംഭരിക്കുകയുള്ളു. Read on deshabhimani.com

Related News