പ്രളയശേഷം ജലനിരപ്പ്‌ താഴുന്നു

പ്രളയാനന്തരം ഭാരതപ്പുഴ പട്ടാമ്പിപ്പാലത്തിന്‌ സമീപത്ത്‌ നിന്നുള്ള ദൃശ്യം


പാലക്കാട‌് പ്രളയത്തിന‌് ശേഷം ജില്ലയിലും കടുത്ത വരൾച്ചയെന്ന‌് മുന്നറിയിപ്പ‌്. പ്രളയത്തെ തുടർന്ന‌് ഭൂമിക്കടിയിലുണ്ടായ പ്രതിഭാസമാണ‌് വരൾച്ചക്ക‌് കാരണമെന്നാണ‌് ഹരിതകേരളമിഷൻ പരിശോധനകളിൽ  കണ്ടെത്തിയത‌്. ഇതേകുറിച്ച‌് കൂടുതൽ വിശദമായ വിദഗ‌്ധ പഠനം വേണമെന്ന‌ും ഹരിതകേരളമിഷൻ നിർദേശിക്കുന്നു. പ്രളയത്തെ തുടർന്ന‌് സംസ്ഥാനമാകെ കൊടും വരൾച്ചയുടെ പിടിയിലാകുമെന്ന‌് മുന്നറിയിപ്പുകളുണ്ട‌്. പാലക്കാട‌് ജില്ലയിലും ഇതിന്റെ ശക്തമായ സൂചനകളുണ്ടെന്ന‌് ഹരിതകേരളമിഷൻ ജില്ലാ കോ –ഒാഡിനേറ്റർ വൈ കല്യാണകൃഷ‌്ണൻ പറഞ്ഞു. നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന പുഴകളും തോടുകളും പലയിടത്തും വരണ്ട നിലയിലേക്ക‌് മാറുകയാണ‌്. നെൽപ്പാടങ്ങള‌ും വറ്റി വരണ്ട നിലയിലായി. വെള്ളം കയറി നശിച്ച നെൽപ്പാടങ്ങൾ പലതും വരൾച്ചയിൽ വിണ്ടുകീറി. വെള്ളം പൊങ്ങിയ കിണറുകൾ വറ്റിവരണ്ടതിന‌് പുറമെ ഇടിഞ്ഞുതാഴ‌്ന്നു. കിണറുകൾ വറ്റിയത‌് ഭൂമിക്കടിയിലെ പ്രതിഭാസം തന്നെയെന്നാണ‌് വിലയിരുത്തൽ. കിണറിന്റെ താഴെ കെട്ടിന‌് പ്രളയത്തെ തുടർന്ന‌് ബലമില്ലാതെ വന്നതാണ‌് ഇടിച്ചിലിന‌് ഒരു കാരണമെന്നാണ‌് ഹരിതകേരളമിഷന്റെ വിലയിരുത്തൽ. പ്രളയത്തിൽ ഭൂമിയിൽ വിള്ളലുണ്ടായിടത്തും കിണർ ഇടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട‌്.  ഭാരതപ്പുഴ, ഗായത്രി, തൂത, കൽപ്പാത്തി തുടങ്ങിയ പുഴകളിലെല്ലാം വെള്ളം താഴ‌്ന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിലാണ‌് വരൾച്ച രൂക്ഷം. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, എലപ്പുള്ളി, വടകരപ്പതി, പുതുശേരി തുടങ്ങിയ പ്രദേശങ്ങളെല്ലാം വരൾച്ചയിലേക്ക‌് മാറി. വെള്ളപ്പൊക്കത്തിന്റെ പിടിയിലായിരുന്നു ഈ പ്രദേശങ്ങളെല്ലാം. ഭാരതപ്പുഴയടക്കം വഴിമാറി ഒഴുകിയിരുന്നു. ഇത‌് കാര്യമായ വ്യതിയാനങ്ങൾ സൃഷ്ടിച്ചുവെന്ന‌് വിലയിരുത്തലുണ്ട‌്. പുഴ കൈയേറ്റങ്ങളും വഴിമാറിയൊഴുകിയതിന‌് കാരണമായെന്നാണ‌് വിലയിരുത്തൽ.  പട്ടാമ്പിയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ  ഭാരതപ്പുഴയും തൂതപ്പുഴയും വരണ്ടു. പുഴയുടെ സമീപപ്രദേശങ്ങളും വരണ്ട നിലയിലായി. വിളയൂർ, തിരുവേഗപ്പുറ, കൊടുമുണ്ട‌, കാരക്കാട‌് തുടങ്ങിയ പ്രദേശങ്ങളിൽ നെൽപ്പാടങ്ങൾ വരൾച്ചയുടെ പിടിയിലായി. വെള്ളം കയറി കൃഷി നശിച്ച കർഷകർ വരൾച്ചയിൽ വെള്ളമില്ലാതെ ദുരിതത്തിലായി. ഇവിടെ കിണറുകളിലും വെള്ളമില്ല.  മണ്ണാർക്കാട്ട‌് കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും വെള്ളം താഴ‌്ന്നു. രണ്ടു പുഴകളും ദിവസങ്ങൾക്ക‌് മുമ്പ‌് നിറഞ്ഞ‌് കവിഞ്ഞ‌് സമീപപ്രദേശങ്ങളെ വിഴുങ്ങുമെന്ന നിലയിലായിരുന്നു. കിണറുകളിലും വെള്ളം താഴ‌്ന്നു. ഇവിടെയും കർഷകർ വരൾച്ച മൂലം കണ്ണീരിലാണ‌്. അട്ടപ്പാടിയും വരൾച്ചയുടെ പിടിയിലായി. ഭവാനി, ശിരുവാണി പുഴകളിൽ വെളളം താഴ‌്ന്നു. ചിണ്ടക്കി മുതൽ കൂടപ്പെട്ടിവരെ നിറഞ്ഞുകവിഞ്ഞ‌് സമീപപ്രദേശങ്ങളെ വെള്ളമിരച്ചു കയറി തരിപ്പണമാക്കുമെന്ന നിലയിലായിരുന്നു. ഇപ്പോൾ പുഴകൾ വരണ്ടുണങ്ങുന്നതിലേക്കാണ‌് പോകുന്നത‌്. അട്ടപ്പാടിയും കടുത്ത ചൂടിലാണ‌്. കൊടുംചൂട‌് കൃഷിയെയും അവതാളത്തിലാക്കുമെന്ന ആശങ്കയിലാണ‌് കർഷകർ. Read on deshabhimani.com

Related News