രാഗം തുറക്കും; അത്യാധുനിക സംവിധാനത്തോടെ ആഗസ്ത് 15ന്

ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുന്ന രാഗം തിയറ്റർ


തൃശൂർ തൃശൂർക്കാരുടെ മനസ്സിൽനിന്ന് മായ്ക്കാനാകാത്ത രാഗം തിയറ്റർ അത്യാധുനിക സംവിധാന‐സൗകര്യങ്ങളോടെ ആഗസ്ത് 15ന് വീണ്ടും തുറക്കും. നാൽപ്പത്തിനാലാണ്ട് സനിമാ പ്രേമികളുടെ മനസ്സിൽ പ്രണയം, ഹാസ്യം, ദുഃഖം, സന്തോഷം തുടങ്ങി സകല ഭാവതാളങ്ങളും ചൊരിഞ്ഞ തൃശൂർ രാഗം തിയറ്ററിന്റെ കർട്ടൻ  സ്വാതന്ത്ര്യദിനത്തിലാണ് ഉയരുക. പഴയ രാഗത്തിൽനിന്ന് അടിമുടി മാറി, ആധുനിക ശബ്ദ, വെളിച്ച, ഇരിപ്പിട സംവിധാനങ്ങളോടെയാണ് വീണ്ടും പ്രദർശനത്തിന് അണിഞ്ഞൊരുങ്ങത്.  നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.  15 ദിവസം കഴിഞ്ഞാൽ നിർമാണം പൂർത്തീകരിക്കാനാകുമെന്ന് ജോർജേട്ടൻസ് രാഗത്തിന്റെ ഉടമസ്ഥരിൽ ഒരാളായ എ കെ സുനിൽ ദേശാഭിമാനിയോട് പറഞ്ഞു.  4230‐4 കെ പ്രൊജക്ടർ ഉപയോഗിച്ച് സിനിമ പ്രദർശിപ്പിക്കുന്ന കേരളത്തിലെ ആദ്യ തിയറ്ററാകും രാഗം. സിനിമയിലെ ദൃശ്യങ്ങൾക്ക് കൂടുതൽ മികവും കൃത്യതയും നൽകുന്ന ഈ സംവിധാനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്. അത്യാധുനിക ക്യാമറകളിൽ പകർത്തിയ വിദേശസിനിമകളുടെ കാഴ്ചകളെല്ലാം നേരിൽകാണുന്നതുപോലെ അനുഭവപ്പെടും.  കാഴ്ചക്കൊപ്പം, ശബ്ദസംവിധാനവും പ്രേക്ഷകരുടെ മനസ്സിൽമായാതെ കിടക്കും. ഡോൾബി ഡിജിറ്റലിന്റെ ത്രീ ഡി അറ്റ്മോസ് സിസ്റ്റം സിനിമയിലെ മുഴുവൻ ശബ്ദവിന്യാസങ്ങൾക്കും വ്യക്തതയും കൃത്യതയുമേകുന്നതാണ്. നവീന ശബ്ദ‐ ദൃശ്യ സംവിധാനങ്ങൾ അതേപടി ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് പകർന്നു നൽകാൻ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത വമ്പൻ സ്ക്രീനും തിയറ്ററിൽ സ്ഥാപിച്ചിട്ടുണ്ട്.  രാഗത്തിന്റെ പ്രത്യേകതയായിരുന്ന തിരശ്ശീലയിൽ ഒരുക്കിയ വിസ്മയങ്ങൾ തിയറ്റർ ഉടമകൾ പുറത്തുവിട്ടിട്ടില്ല.  ഇരിപ്പിടങ്ങൾ സൗകര്യപ്രദമായി ഒരുക്കിയതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. വീതികൂട്ടി മൃദുലമായ പ്രതലത്തോടെ സീറ്റുകൾ ഒരുക്കിയതിനാൽ, നേരത്തേ രാഗത്തിലുണ്ടായിരുന്ന 1218 സീറ്റുകൾ എന്നത് 800 സീറ്റുകളായി ചുരുക്കേണ്ടിവന്നു. ഫസ്റ്റ് ക്ലാസ്, ബാൽക്കണി, അപ്പർ ബോക്സ് എന്നീ വിഭാഗങ്ങളിലായി സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ബോക്സിൽ 20 ഉം ബാൽക്കണിയിൽ 200ഉം ബാക്കി സീറ്റുകൾ ഫസ്റ്റ് ക്ലാസിലുമാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്രീകരിച്ച ശീതീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.  തിയറ്ററിൽ നാല് സ്നാക്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. പാർക്കിങ് കേന്ദ്രത്തിന് മുന്നിൽ ഒരുക്കുന്ന ക്യാന്റീനിൽനിന്ന് പുറമേനിന്നുള്ളവർക്കും ചായയും സ്നാക്സും കഴിക്കാം. ടോയ്ലറ്റുകളും യൂറിനൽ കേന്ദ്രങ്ങളും ഏറ്റവും പുതിയ സംവിധാനത്തോടെയാണ് നിർമിച്ചിരിക്കുന്നത്.   1974ൽ ജോസ് കെ ഫ്രാൻസിസാണ് സംസ്ഥാനത്തെ മികച്ച സിനിമാ തിയറ്ററുകളിലൊന്നായി രാഗം തുടങ്ങിയത്.  ഉദ്ഘാടകനായി പ്രേംനസീറും എത്തി. രാമുകാര്യാട്ടിന്റെ ‘നെല്ല്' ആയിരുന്നു ഉദ്ഘാടന ചിത്രം. 2007 ഡിസംബറിൽ രാഗം തിയറ്റർ ആമ്പല്ലൂർ സ്വദേശിയായ ജിയോ ഗ്രൂപ്പ് ചെയർമാൻ എൻ വി ജോർജ് വാങ്ങി. തുടർന്ന് തിയറ്ററിന്റെ പേര് ജോർജേട്ടൻസ് രാഗം എന്നാക്കി. വിപുലീകരണത്തിനായി 2014 ജനുവരിയിലാണ് തിയറ്ററിന്റെ  പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്. Read on deshabhimani.com

Related News