നടപടിയെടുക്കാതെ പട്ടാമ്പി നഗരസഭ

ഭാരതപ്പുഴയുടെ തീരത്ത് മാലിന്യം അടിഞ്ഞുകൂടിയനിലയില്‍


പട്ടാമ്പി > ഭാരതപ്പുഴയിലേക്ക് ദിനംപ്രതി  ഒഴുകിയെത്തുന്ന മാലിന്യം തടയാന്‍ നഗരസഭാ അധികൃതര്‍ നടപടിയെടുക്കില്ലെന്ന് വ്യാപക പരാതി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മാലിന്യ നിര്‍മാര്‍ജന പദ്ധതികളൊന്നും യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയില്‍ ഫലപ്രദമായി നടപ്പാക്കാത്തതിനാല്‍ ഭാരതപ്പുഴയും നഗരവും മാലിന്യകേന്ദ്രമായി മാറുന്നു. അഴുക്കുചാലുകള്‍  വഴി പുഴയിലേക്ക് ഒഴുകിയെത്തുന്ന നഗരമാലിന്യങ്ങള്‍ വേറെയും.  ഇവ ഇല്ലാതാക്കാന്‍ നഗരസഭാ അധികതര്‍ ശ്രമിക്കുന്നില്ല. ഹോട്ടല്‍,  ലോഡ്ജ്, പച്ചക്കറിക്കടകള്‍, ചെറുകിട മത്സ്യമാംസ വിപണന സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍, നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും പുറംതള്ളുന്ന മാലിന്യം ഉള്‍പ്പെടെ എത്തിച്ചേരുന്നത് ഭാരതപ്പുഴയിലാണ്. നഗരസഭയുടെ 70 ശതമാനം വരുന്ന പ്രദേശങ്ങളിലേക്കുമുള്ള കുടിവെള്ള സ്രോതസുകൂടിയാണ് ഭാരതപ്പുഴ.  നഗരഭയുടെ മൂന്നു മേജര്‍ കുടിവെള്ള പദ്ധതികളാണ് ഭാരതപ്പുഴയിലുള്ളത്. പഴയ പദ്ധതിയായ മൈനര്‍ പദ്ധതിയില്‍ ഇപ്പോഴും ശുചീകരണ സംവിധാനങ്ങളില്ല. നഗരസഭയ്ക്ക് കീഴില്‍ വരുന്ന 50 ശതമാനം ജനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.  യുഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ അനാസ്ഥക്കെതിരെ സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തില്‍   നിരവധി പ്രക്ഷോഭം  നടന്നു. അപ്പോഴൊക്കെ മുഖം രക്ഷിക്കാന്‍   ചെപ്പടിവിദ്യകളുമായി ഭരണസമിതി രംഗത്ത് വരും.  പലപ്പോഴും കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി വിഷയം അവസാനിപ്പിക്കുന്ന അവസ്ഥയാണ്. കൂടാതെ പുഴയ്ക്ക് സമീപം സ്വകാര്യ വ്യക്തികള്‍ അനധികൃത ഷെഡ്ഡുകള്‍ സ്ഥാപിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന പ്രവണതയും ഇവിടെ ഉണ്ട്. ഇവിടങ്ങളില്‍ ശൌചാലയം ഇല്ലാത്തതിനാല്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ഇവര്‍ പുഴയെയാണ് ഉപയോഗപ്പെടുത്തുന്നത്. അനധികൃത ഷെഡ്ഡുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നഗരസഭാ യോഗങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും യോഗത്തില്‍ എടുക്കുന്ന തിരുമാനങ്ങളൊന്നും നടപ്പാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.   വേനല്‍ കനക്കുന്നതോടെ പുഴയിലെ ജലനിരപ്പ്  കുറയും. അതോടെ പുഴ കൂടുതല്‍ മലിനമാകും. പകര്‍ച്ചവ്യാധിപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.  Read on deshabhimani.com

Related News