ജില്ലയിൽ 416.97 കോടിയുടെ നഷ്ടം

മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിൽ ചേർന്ന മഴക്കെടുതി അവലോകന യോഗം


    പാലക്കാട‌് പ്രളയക്കെടുതിയിൽ ജില്ലയിൽ 416.97 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക‌്.  മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ എന്നിവരുടെ സാന്നിധ്യത്തിൽ  കലക‌്ടറേറ്റിൽ ചേർന്ന മഴക്കെടുതി അവലോകനയോഗത്തിലാണ‌് ഇതു സംബന്ധിച്ച‌് വിലയിരുത്തിയത‌്. വിവിധ സ്ഥലങ്ങളിലായി 23 പേർ പ്രകൃതിദുരന്തത്തിൽ മരിച്ചു. ചിറ്റൂർ താലൂക്കിൽ 11പേരും മണ്ണാർക്കാട്ട‌് നാലുപേരും പട്ടാമ്പിയിലും ആലത്തൂരിലും മൂന്നുപേർ വീതവും പാലക്കാട്ട‌് രണ്ടുപേരുമാണ‌് മരിച്ചത‌്. ഒരാളെ കാണാനില്ല. പ്രളയത്തിൽ അകപ്പെട്ട 1,962പേരെ രക്ഷപ്പെടുത്തി.    ജില്ലയിൽ ആകെ 6,668 വീടുകളെ പ്രളയം ബാധിച്ചു. ഇതിൽ 1,148 വീടുകൾ പൂർണമായും 4,809 വീടുകൾ ഭാഗികമായും തകർന്നു. പൂർണമായി തകർന്ന വീടുക‌ളുടെ നഷ്ടം 57.4 കോടി രൂപയും ഭാഗികമായി തകർന്നതിന‌് 24.04 കോടി രൂപയുമാണ‌് കണക്കാക്കിയത‌്.  നിലവിൽ 79 കുടുംബങ്ങളിലെ 289പേർ  മൂന്ന‌് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട‌്. പൂർണമായി തകർന്ന വീടുകളിൽ 128 എണ്ണവും ഭാഗികമായി തകർന്നവയിൽ 69 എണ്ണവും രേഖകളില്ലാത്തവയാണ‌്. 887 കുടുംബങ്ങൾക്ക‌് 10,000രൂപ വീതവും 611 കുടുംബങ്ങൾക്കായി 3,800 രൂപ വീതവും അടിയന്തര സഹായമുൾപ്പെടെ  ഇതുവരെ 111.92 ലക്ഷം രൂപ സഹായധനമായി നൽകിയെന്ന‌് കലക്ടർ ഡി ബാലമുരളി അറിയിച്ചു. 86 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട‌്.  സർക്കാർ 3.63 കോടി രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട‌്. 6,668 പേർക്ക‌് ഓണക്കിറ്റ‌് നൽകി. നെല്ലിയാമ്പതിയിൽനിന്ന‌്  സ‌്കൂൾ കുട്ടികൾക്കായി രണ്ട‌് ജീപ്പുകൾ സൗജന്യയാത്ര നടത്തുന്നുണ്ട‌്. അപ‌്നാ ഘറിൽനിന്ന‌് സ‌്കൂളുകളിലേക്ക‌് ഒരു ബസും ഓടുന്നുണ്ട‌്. നെല്ലിയാമ്പതിയിൽ ഒരു മാസത്തേക്കുള്ള റേഷൻസാധനങ്ങൾ എത്തിച്ചുകഴിഞ്ഞു. ദുരിത ബാധിതരുടെ വിവരങ്ങൾ ശേഖരിക്കാനും ആവശ്യങ്ങൾ മനസ്സിലാക്കാനുമായി 170 വളണ്ടിയർമാർ സർവേ നടത്തിവരുന്നുണ്ട‌്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജലപദ്ധതി ഒഴികെയുള്ള മിനി കുടിവെള്ളപദ്ധതികളുടെയും കിണറുകളുടെയും  പൈപ്പുകളിലെയും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഫീസ‌് ഈടാക്കുന്നില്ല. അട്ടപ്പാടിയിൽ മൂന്നു ദിവസത്തിനകം ബസ‌് സവീസ‌് പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. എംഎൽഎമാരായ കെ വി വിജയദാസ്, പി ഉണ്ണി, കെ ബാബു, കെ ഡി പ്രസേനൻ, മുഹമ്മദ് മുഹസിൻ,  കെ കൃഷ്ണൻകുട്ടി, ഷാഫി പറമ്പിൽ,  സബ് കലക്ടർ ജെറോമിക് ജോർജ‌്, എഡിഎം ടി വിജയൻ എന്നിവരും വിവിധ                 വകുപ്പ‌്തല ഉദ്യോഗസ്ഥരും പങ്കെടുത്തു. Read on deshabhimani.com

Related News