നിണമണിഞ്ഞ നിളാതീരം ജോബിൻസ് ഐസക്  മലപ്പുറം രക്തപങ്കിലമായ യുദ്ധോത്സവമായാണ് മാമാങ്കം അറിയപ്പെടാറ്. ജില്ലയുടെ ചരിത്രത്തെ നിണമണിയിച്ച ഏട്. രാജാധികാരത്തിനും അവകാശത്തർക്കങ്ങൾക്കുമായി ഹോമിക്കപ്പെട്ട ചാവേറുകളുടെയും അവരുടെ ഉറ്റവരുടെയും കണ്ണീരുപ്പ് കലർന്ന ഓർമകളും വിചിത്രമായ ആചാരപ്പെരുമയുടെ ശബളിമക്കൊപ്പം മാമാങ്കം ബാക്കിവയ്ക്കുന്നു. നിലപാട് നിൽക്കുന്ന സാമൂതിരിയെ വധിക്കാൻ പാഞ്ഞടുക്കുന്ന ചാവേറുകൾ, അവരെ അരിഞ്ഞുവീഴ്ത്തുന്ന സാമൂതിരിപ്പട. വെട്ടേറ്റുവീണ യോദ്ധാക്കളെ ചവിട്ടി  മണിക്കിണറിലേക്ക് തള്ളിത്താഴ്ത്തുന്ന ആനകൾ... നിളയുടെ തീരങ്ങൾ വിതുമ്പി വിറങ്ങലിച്ചിട്ടുണ്ടാകണം ആ കാഴ്ചയിൽ.  പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാഘമാസത്തിലെ മകം നാളിൽ തിരുന്നാവായ നിളാ മണൽപരപ്പിലാണ് മാമാങ്കംകൊണ്ടാടിയത്. ചേരസാമ്രാജ്യത്തിന്റെ അധപതനത്തോടെ നടത്തിപ്പിനുള്ള അവകാശം വള്ളുവക്കോനാതിരിക്കായി. കോഴിക്കോട് സാമൂതിരി രാജാവ് തിരുന്നാവായ ആക്രമിച്ച് കീഴടക്കിയപ്പോൾ അദ്ദേഹത്തിന്റെ അധീനതയിലായി മാമാങ്കം. ഈ സ്ഥാനം തിരിച്ചുപിടിക്കാൻ വള്ളുവക്കോനാതിരിയുടെ ചാവേർപട ശ്രമിച്ചുപോന്നു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ മാമാങ്കത്തറയിൽനിന്ന് ചാവേർപടയാളികൾ ബീരാൻചിറയിലെ പട്ടിണിത്തറയിലെത്തി ക്യാമ്പ്ചെയ്യും. നിലപാടുതറയിലെ മണിത്തറയിലിരിക്കുന്ന സാമൂതിരിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കും. സാമൂതിരിപ്പടയും ചാവേറുകളും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് പിന്നീട്. ഇതിൽ ജീവൻ പോയവരെ വാരിവലിച്ചിട്ട് ആനയെകൊണ്ട് ചവിട്ടിതാഴ്ത്തിയ സ്ഥലമാണ് മണിക്കിണർ. വില്യംലോഗന്റെ മലബാർ മാന്വലിൽ ഈ വിവരമുണ്ട്.  മാമാങ്കത്തിൽ പരിക്കേൽക്കുന്ന പടയാളികളെ ചികിത്സിക്കാൻ കർണാടകത്തിലെ തുളുഗ്രാമത്തിൽനിന്നും പെരുമാക്കൾ കൊണ്ടുവന്ന ഗുരുക്കന്മാരെ താഴത്തറ ചങ്ങമ്പള്ളികുന്നിൽ കുടിയിരുത്തിയിരുന്നു. അതാണ് ഇപ്പോൾ താഴത്തറയിൽ കാണുന്ന കളരിപറമ്പ്. ഇതിന് സമീപത്തായി കളരിത്തറയും കാണാം. കൊടക്കൽ ഓട്ടുകമ്പനി വളപ്പിൽ ചുറ്റുമതിൽകെട്ടി സംരക്ഷിച്ച ഭാഗം മാമാങ്കശേഷിപ്പാകാമെന്ന് കരുതുന്നു. സാമൂതിരി നിലപാട് അറിയിക്കാൻ ഉപയോഗിച്ചിരുന്ന തറ രണ്ട് പാളികളായിട്ടാണ് ഖനനത്തിൽ കണ്ടെത്തിയത്. പീഠത്തിൽ തൂണുനാട്ടി അതിനുമുകളിൽ പാളികൾ സ്ഥാപിച്ചാണ് നിലപാട് തറ തയ്യാറാക്കിയതെന്ന് കരുതുന്നു. കൊടക്കൽ ബിഇഎംയുപി സ്കൂൾ തയ്യാറാക്കിയ പ്രാദേശിക പഠനത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മാമാങ്കത്തിന്റെ നാൾവഴികളെപറ്റി ചരിത്ര പണ്ഡിതർക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. ഗവേഷണങ്ങൾ തുടരുകയാണ്.   ചാവേർ പോരാട്ടത്തിൽ പരിക്കേൽക്കുന്നവർക്ക് മരുന്നുകൾ സൂക്ഷിച്ചിരുന്ന മരുന്നറ ഇപ്പോൾ ബന്ദർകടവ് റോഡിന് സമീപം കാണാം. രാജാവിന്റെ ആയുധങ്ങളും അപൂർവവസ്തുക്കളും സൂക്ഷിച്ച സ്ഥലമാണെന്നും അഭിപ്രായമുണ്ട്. മഹാശിലായുഗ സ്മാരകമാണ് ഈ ഗുഹ.  മാമാങ്ക ഉത്സവം തടസ്സമില്ലാതെ രാജപ്രഭുക്കൾ കണ്ടിരുന്നത് നാവാമുകുന്ദക്ഷേത്ര സമീപത്ത് പുഴക്ക് അഭിമുഖമായിനിൽക്കുന്ന പഴുക്കാമണ്ഡപത്തിൽ കയറി നിന്നാണെന്ന് പറയപ്പെടുന്നു. മാമാങ്ക ഉത്സവംകഴിഞ്ഞ് തിരിച്ചെത്തുന്ന രാജാവ് ആയുധങ്ങൾ പഴുക്കാമണ്ഡപത്തിൽവച്ചാണ് ക്ഷേത്ര ദർശനം നടത്തിയിരുന്നത് എന്നും വിശ്വാസമുണ്ട്.  മൈസൂരിലെ ഹൈദരലിയുടെ മലബാർ പടയോട്ടത്തോടെ മാമാങ്കത്തിന് അന്ത്യംകുറിച്ചു. 1792ലെ ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായി. സർവകലകളുടെ അരങ്ങേറ്റവും പല വിധ കാർഷിക വിഭവങ്ങളുടേയും കരകൗശല വിഭവങ്ങളുടേയും മറ്റ് പ്രദർശനവും സംഗീത സദസ്സും കായിക അഭ്യാസ പ്രകടവും സാഹിത്യോത്സവങ്ങളും അധികാര കൈമാറ്റവും മറ്റുമെല്ലാം ചേർന്നതായിരുന്നു മാമാങ്ക മഹോത്സവങ്ങൾ. ആനയുമായി വർണശബളമായ എഴുന്നള്ളത്ത് വ്യത്യസ്ത കാഴ്ചയായിരുന്നു.  തിരുന്നാവായ  ചരിത്രത്താളുകളിൽ എന്നും അവിസ്മരണീയ മുഹൂർത്തങ്ങൾ രചിച്ച മണ്ണാണ് തിരുന്നാവായ. മാമാങ്ക ഭൂമിയായും പരശുരാമന്റെ ആസ്ഥാനമായും വള്ളുവനാട് രാജാവിന്റെയും വെട്ടത്ത് രാജാവിന്റെയും സാമൂതിരിയുടെയും ഭരണകേന്ദ്രമായും ത്രിമൂർത്തി സംഗമവേദിയായും ദൃഗ്ഗണിത സമ്പ്രദായം കണ്ടുപിടിച്ച വടശേരി പരമേശ്വരന്റെ ജന്മഭൂമിയായും കേളികേട്ട ചരിത്രമണ്ണ്.  പഴമ്പാട്ടുകളിലും പുരാണങ്ങളിലും ഇടംപിടിച്ച പൈതൃക സ്ഥലം. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാർ 700 വർഷങ്ങൾക്കുമുമ്പ് അവരുടെ പാണ്ഡിത്യം പ്രകടമാക്കുന്ന പട്ടത്താനം (പണ്ഡിതസദസ്സ്) ഏറെ കാലം തിരുന്നാവായയിൽ നടന്നിരുന്നു.  ബ്രിട്ടീഷുകാർക്ക് മുമ്പ് തന്നെ ജർമൻകാർ ഇവിടെ വരികയും മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി തിരുന്നാവായയിലെ ആദ്യ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ കൊടക്കൽ ബീരാഞ്ചിറയിലെ ബിഇഎം സ്കൂളും ടൈൽ ഫാക്ടറിയും തുടങ്ങി. ജർമൻകാർതന്നെ അക്കാലത്ത് ഒരാശുപത്രിയും സ്ഥാപിച്ചിരുന്നു. ഇതിന് മലയാളഭാഷ അച്ചടിയുടെ പിതാവായ ഡോ. ഹെർമൻ ഗുണ്ടർട്ടാണ് നേതൃത്വം കൊടുത്തത്. കൊടക്കൽ ടൈൽ ഫാക്ടറി ഇന്ത്യയിലെ മംഗലാപുരത്തെ ജപ്പു ടൈൽ ഫാക്ടറിക്ക് ശേഷം നിർമിച്ച രണ്ടാമത്തെ ഓട് കമ്പനിയാണ്. നവാമുകുന്ദ ക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ  ക്ഷേത്രങ്ങളിൽ ഒന്നാണ് നവാമുകന്ദ ക്ഷേത്രം. നവ യോഗികളാൽ നിർമിച്ചതെന്ന് കരുതുന്ന തിരുന്നാവായയിലെ ഈ ക്ഷേത്രം വേദപഠനത്തിന് ഒരു കാലത്ത് പേരുകേട്ടതാണ്. നിളയുടെ ഇക്കരെ പ്രസിദ്ധ വിഷ്ണു ക്ഷേത്രമായ നവാമുകുന്ദ ക്ഷേത്രവും അക്കരെ (തെക്ക്) ബ്രഹ്മാവിന്റെയും ശിവന്റെയും ക്ഷേത്രങ്ങൾ ചേർന്ന് ത്രിമൂർത്തി സംഗമ വേദിയായി മാറുന്നു.   ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനംചെയ്തതുമുതലാണ് തിരുന്നാവായയിൽ സർവോദയമേള ആരംഭിക്കുന്നത്. ദേശീയ പുഷ്പമായ താമര ദക്ഷിണേന്ത്യയിൽതന്നെ ഏറ്റവുംകൂടുതൽ കൃഷിചെയ്യുന്നത് തിരുന്നാവായയിലാണ്. ഇതിന് നേതൃത്വം നൽകുന്ന ഇവിടെയുള്ള മുസ്ലിം കുടുംബങ്ങളാണ് താമരയെ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേക്കും കൊണ്ടുപോകുന്നതിന് സഹായിക്കുന്നത്. Read on deshabhimani.com

Related News