തോരാമഴയിലും തളരാതെ രക്ഷാപ്രവര്‍ത്തനം    കൊണ്ടോട്ടി തോരാമഴയിലും രക്ഷാപ്രവർത്തനത്തിൽ നാടൊന്നാകെ. മണ്ണിനടിയിൽപ്പെട്ട് ജീവനുവേണ്ടി പിടയുന്നവരെ രക്ഷിക്കാൻ ജീവൻ പണയംവച്ചും നാട്ടുകാർ രക്ഷകരായി. വീണ്ടും മണ്ണിടിച്ചിലുണ്ടാകാമെന്ന അവസ്ഥയിലായിരുന്നു രണ്ട് മലകളും. തൊട്ടടുത്ത് നിലംപൊത്താറായ വീടുകളും. എന്നാൽ, ഇതൊന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ പിറകോട്ടടിപ്പിച്ചില്ല. നാട്ടുകാരും പൊലീസ്, അഗ്നിശമന, ദുരന്ത നിവാരണസേനകളും കൂട്ടായി ചേർന്നുള്ള  മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിലാണ് മണ്ണിനടിയിൽപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാനായത്.   പൂച്ചാലിൽ  ദുരന്തം നടന്ന ഉടനെ കൊണ്ടോട്ടി പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. ഊണും ഉറക്കവുമില്ലാതെ പതിനെട്ട് മണിക്കൂറോളം നീളുന്നതായിരുന്നു രക്ഷാപ്രവർത്തനം. രക്ഷാപ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾക്കൊന്നും തടസ്സം നേരിട്ടില്ല. മണ്ണിനടിയില്‍പ്പെട്ടവരുമായി  ആംബുലൻസുകളും ഇടതടവില്ലാതെ ചീറിപ്പാഞ്ഞു. കലക്ടർ അമിത് മീണ, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന‌് നേതൃത്വംനൽകി. ആരോഗ്യവകുപ്പി​ന്റേതും ജാഗ്രതയോടെയുള്ള പ്രവർത്തനമായിരുന്നു. ഡോക്ടർമാരുടെ സേവനവും ആവശ്യമായ സാമഗ്രികളും സ്ഥലത്തെത്തിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കൊണ്ടോട്ടി തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ, ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് എന്നിവരും സ്ഥലത്തെത്തി. Read on deshabhimani.com

Related News