കാരുണ്യപ്രവാഹം തുടരുന്നു 4 താലൂക്കില്‍നിന്ന് 3 കോടി

അരക്കുതാഴെ തളർന്ന് വീൽചെയറിൽ കഴിയുന്നവരുടെ കൂട്ടായ്മ ഓൾ കേരള വീൽചെയർ അസോസിയേഷൻ ഗാനമേള നടത്തി സമാഹരിച്ച 45,000 രൂപയുടെ ചെക്ക് മന്ത്രി കെ ടി ജലീലിന് കൈമാറുന്നു


  മലപ്പുറം കാലവർഷക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  വിഭവസമാഹരണം നാല‌്  താലൂക്കുകളിൽ പൂർത്തിയായപ്പോൾ ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽനിന്ന് സമാഹരിച്ചത് 2,94,26,820 രൂപ.   മന്ത്രി കെ  ടി ജലീലിന്റെ നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ജില്ലയിൽനിന്ന‌് ലഭിക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന വിഭവസമാഹരണത്തിൽ അതത‌് മേഖലകളിലെ ജനപ്രതിനിധികളുടെയും  കലക്ടർ അമിത് മീണ ഉൾപ്പെടെയുള്ളവരുടെയും മുഴുവൻ സമയ, സജീവ സാന്നിധ്യവുമുണ്ട്. പെരിന്തല്‍മണ്ണയില്‍  ഒന്നര കോടി പെരിന്തൽമണ്ണ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലപ്പുറത്തിന്റെ കാരുണ്യ പ്രവാഹം തുടരുന്നു. ബുധനാഴ്ച പെരിന്തൽമണ്ണയിൽനിന്ന് 1,51,47,807 രൂപയും നിലമ്പൂർ താലൂക്കിൽനിന്ന് 76,47,160 രൂപയും ലഭിച്ചു. പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുന:സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വിവിധ മേഖലകളിലുള്ളവർ ഒരേ മനസ്സോടെ അണിചേരുകയായിരുന്നു.     മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ രണ്ടര മണിക്കൂർകൊണ്ട് 88 പേരിൽനിന്നായി ഒരു കോടി അമ്പത്തി ഒന്ന് ലക്ഷത്തി നാൽപത്തി ഏഴായിരത്തി എണ്ണൂറ്റി ഏഴു രൂപയാണ് സമാഹരിച്ചത്.  അരയ്ക്കുതാഴെ തളർന്നവരുടെ കൂട്ടായ്മയായ ഓൾ കേരള വീൽചെയർ അസോസിയേഷൻ ഗാനമേള നടത്തി സമാഹരിച്ച 45,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി കെ ടി ജലീലിന് കൈമാറി.  ബുധനാഴ്ച പകൽ 2.30 മുതൽ അഞ്ചുവരെ പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലായിരുന്നു ധനസമാഹരണം.  തദ്ദേശ ഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് ധനശേഖരണ യജ്ഞം സംഘടിപ്പിച്ചത്. സഹായ ഫണ്ട് നൽകിയ മുഴുവൻ ആളുകൾക്കും രസീതും നൽകി. മഞ്ഞളാംകുഴി അലി എംഎൽഎ,  കലക്ടർ അമിത് മീണ, നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, തഹസിൽദാർ എൻ എം മെഹറലി, താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, വിവിധ വകുപ്പുതലവന്മാർ എന്നിവർ പങ്കെടുത്തു. നിലമ്പൂരില്‍ 76 ലക്ഷം  നിലമ്പൂർ  താലൂക്ക് ഓഫീസിലെ ക്യാമ്പിൽ ലഭിച്ചത് 76,47,160 രൂപ. മന്ത്രി കെ ടി ജലീലാണ് സഹായധനം ഏറ്റുവാങ്ങിയത്. പി വി അബ്ദുൾ വഹാബ് എംപി, പി വി അൻവർ എംഎൽഎ, കലക്ടർ അമീത് മീണ, നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, ഭൂരേഖ വകുപ്പ് തഹസിൽദാർ സി വി മുരളീധരൻ, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷൻമാർ എന്നിവരും സമാഹരണ ചടങ്ങിൽ പങ്കെടുത്തു.വിവിധ പഞ്ചായത്തുകൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, കർഷകർ, വിദ്യാർഥികൾ, വിവിധ സംഘടനകൾ തുടങ്ങിയവർ സഹായവുമായെത്തി. സംഘടനകൾ ഉൾപ്പെടെ 60 പേരാണ് സഹായധനം കൈമാറിയത്.     Read on deshabhimani.com

Related News