ഭവനരഹിതർക്ക് ‘ഞങ്ങളുടെ വീട്' പുതിയ ഭവനവായ്പാ പദ്ധതി
മലപ്പുറം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, 'ഞങ്ങളുടെ വീട്' എന്ന പേരിൽ സംസ്ഥാന പട്ടികജാതി,വർഗ വികസന കോർപറേഷൻ പുതിയ ഭവന വായ്പാ പദ്ധതി നടപ്പാക്കും. സ്വന്തമായി ഒരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളുടെകൂടി ഭാഗമായാണ് പട്ടികജാതി വിഭാഗത്തിൽപെട്ട ഭവനരഹിതർക്കായി പുതിയ ഭവന നിർമാണ വായ്പാപദ്ധതി. മൂന്ന് ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ള പട്ടികജാതിക്കാരായ ഭവനരഹിതർക്ക് വായ്പയ്ക്ക് അർഹതയുണ്ടാകും. 10 ലക്ഷം രൂപയാണ് പരമാവധി വായ്പാ തുക. 18 മുതൽ 55 വയസ്സുവരെ പ്രായമുള്ളവരെയാണ് പരിഗണിക്കുക. അഞ്ച് ലക്ഷം രൂപവരെ 7.5 ശതമാനവും അതിനുമുകളിൽ 10 ലക്ഷം രൂപവരെ എട്ട് ശതമാനവു മായിരിക്കും പലിശ നിരക്ക്. അപേക്ഷകന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടാവാൻ പാടില്ല. വായ്പാ പരിധിക്ക് വിധേയമായി പരമാവധി 90 ശതമാനം തുകവരെ കോർപറേഷൻ വായ്പയായി നൽകും. ബാക്കി തുക ഗുണഭോക്താവിന്റെ വിഹിതമാണ്. ഗുണഭോക്താക്കൾ കോർപറേഷൻ നിഷ്കർഷിക്കുന്ന ജാമ്യം നൽകണം. Read on deshabhimani.com