പരിമിതിയില്ലാത്ത മനസ്സും പരിധിയില്ലാത്ത സഹായവുമായി അവര്‍

ഭിന്നശേഷിക്കാരായ കുട്ടികൾ സ്വരൂപിച്ച പണം മന്ത്രി കെ ടി ജലീലിന് കൈമാറുന്നു


  മഞ്ചേരി  പിറന്നാൾ ആഘോഷിക്കാനും ഇയർഫോൺ വാങ്ങാനും പെരുന്നാളിനും ഓണത്തിനും സമ്മാനമായി കിട്ടിയതും മാത്രമല്ല പ്രതിമാസം മരുന്ന് വാങ്ങാനായി സർക്കാർ അനുവദിച്ച തുകയും ചേർത്തുവച്ച് ആ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് കണ്ടപ്പോൾ ഏവരുടെയും കണ്ണുനിറഞ്ഞു. പരിമിതിയില്ലാത്ത മനസ്സും പരിധിയില്ലാത്ത സഹായവുമായി അവർ നൽകിയ തുകക്ക് മൂല്യമേറെ.  പ്രളയക്കെടുതി അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് പരിമിതിയില്ലാത്ത പിന്തുണയുമായി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും എത്തി. ഏറനാട് താലൂക്ക് ഓഫീസിൽ തുടങ്ങിയ ധനശേഖരണ യജ്ഞത്തിലേക്ക് രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടികൾ 75,000 രൂപയുടെ ചെക്ക് മന്ത്രി കെ ടി ജലീലിനെ ഏൽപ്പിച്ചു.  ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പരിവാറിന്റെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. മഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയിലെ അംഗങ്ങളായ നെഹാൽ, നിഹാൽ, ആദിൽ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്. ദുരിതമനുഭവിക്കുന്നവരോട് സ്‌നേഹം കാണിക്കാനുള്ള ഇവരുടെ മഹാമനസ്‌കതയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.  പെൻഷൻ തുക, ശമ്പളം, കച്ചവടത്തിൽനിന്നുള്ള ലാഭവിഹിതം, മഹല്ല് കമ്മിറ്റികൾ പിരിച്ചെടുത്ത തുക, സ്കോളർഷിപ്പ് തുക എന്നിവയെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി  ജനങ്ങൾ മഞ്ചേരിയിൽ എത്തി. ഏറനാട് താലൂക്ക് ഓഫീസിൽ തുടങ്ങിയ ധനസമാഹരണത്തിന് 56 പേരിൽനിന്നായി 8,46,220 രൂപയാണ് ലഭിച്ചത്.  തൃക്കലങ്ങോട്, ഊർങ്ങാട്ടി പഞ്ചായത്ത് ഭരണസമിതികൾ, മലപ്പുറം നഗരസഭ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരികൾ ഉൾപ്പെടെ നിരവധിപേരാണ് സഹായവുമായി എത്തിയത‌്. സഹായധനം നൽകിയ മുഴുവൻ ആളുകൾക്കും രസീതും നൽകി.    Read on deshabhimani.com

Related News