ക്ലാസ് മുറികൾ ഇടിഞ്ഞ് താഴ്ന്നു: കുട്ടികൾ ഓടിയതിനാൽ വൻ ദുരന്തം ഒഴിവായിതിരൂർ  എംഇഎസ് സെൻട്രൽ സ്കൂളിലെ ക്ലാസ‌് മുറികൾ ഇടിഞ്ഞ് താഴ്ന്നു. കുട്ടികൾ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിരൂർ എംഇഎസ്  സെൻട്രൽ സ്കൂളിലെ നാല് വർഷംമാത്രം പഴക്കമുള്ള ബഹുനില കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളാണ് തറയിടിഞ്ഞ്‌ താഴ്ന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ആറ് ബി, ആറ് സി ക്ലാസുകൾ നടക്കുന്ന മുറിയിലെ ചുമരുകൾ പൊടുന്നനെ വിണ്ട് കീറുകയും തുടർന്ന് വൻ ശബ്ദത്തോടെ തറയിടിയുകയുമായിരുന്നു. തറയിടിഞ്ഞ‌് കുട്ടികൾ ഇരിക്കുന്ന ബെഞ്ചുകൾ മറിഞ്ഞ് വീണു. ഇതേ തുടർന്ന്  പരിഭ്രാന്തരായ  കുട്ടികൾ ക്ലാസ് മുറി വിട്ട് പുറത്തേക്കോടിയതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. കുട്ടികളെ പിന്നീട് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇതിനിടെ രക്ഷിതാക്കൾ അറിയാതിരിക്കാൻ അതിവേഗത്തിൽ മുറിയുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയുംചെയ്തു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് നിരവധി രക്ഷിതാക്കളാണ് വൈകിട്ട് സ്കൂളിലെത്തിയത്. രക്ഷിതാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം സബ് കലക്ടർ, തിരൂർ ആർഡിഒ ജെ മോബിൻ, തിരൂർ നഗരസഭാ എൻജിനിയറിങ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. 1995ൽ തിരൂർ മുനിസിപ്പാലിറ്റിയിൽനിന്ന് രണ്ട് ക്ലാസ് മുറികൾക്കുമാത്രം പെർമിഷൻ എടുത്ത്  മറ്റ് ബഹുനില കെട്ടിടങ്ങൾ പണിയിക്കുകയായിരുന്നു സ്കൂൾ അധികൃതരെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സ്കൂളിലെ മറ്റൊരു ബഹുനില കെട്ടിടം ചെരിഞ്ഞ് അപകടകരമായ അവസ്ഥയിൽ രക്ഷിതാക്കൾ തിരൂർ ആർഡിയെ സമീപിക്കുകയും പരിശോധിക്കാൻ തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജ് അധികൃതരെ ഏർപ്പാടാക്കുകയുംചെ‌യ‌്തിരുന്നു. അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ബിൽഡിങ‌് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നു. അതേ അവസരത്തിൽതന്നെ മറ്റ് കെട്ടിടങ്ങൾക്കെല്ലാം സുരക്ഷാ ഭീഷണിയുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. Read on deshabhimani.com

Related News