മണൽഖനനം തടയാൻ വെൽഫെയർ പാർടി നടത്തിയ ശ്രമം സംഘർഷത്തിനിടയാക്കിതിരൂർ പുറത്തൂർ പള്ളി കടവിൽനിന്ന‌് മണൽഖനനം നടത്തുന്നത് തടയാൻ വെൽഫെയർ പാർടി നേതൃത്വത്തിൽ നടത്തിയ ശ്രമം സംഘർഷത്തിനിടയാക്കി. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ 34 പേരെ അറസ്റ്റുചെയ്തു.  വെള്ളപ്പൊക്കത്തെ തുടർന്ന് പുഴയിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടുകയും ഇത് വള്ളങ്ങൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും അപകട ഭീഷണി ഉയർത്തിയതിനെ തുടർന്നുമാണ് പുറത്തൂർ പൊന്നാനി പുഴയിൽനിന്ന‌് മണൽവാരാൻ സർക്കാർ അനുമതി നൽകിയത്. മണലെടുത്ത് കപ്പൽചാൽ നിർമിക്കണമെന്ന ലക്ഷ്യവുമായി പൊന്നാനി പോർട്ട് അധികൃതർ നൽകിയ അനുമതിയോടെയാണ് പള്ളി കടവ് ഭാഗത്തുനിന്ന് ചൊവ്വാഴ്ചമുതൽ മണൽഖനനം ആരംഭിച്ചത്. ഇതേ തുടർന്നാണ് മഞ്ചേരിയിൽ നിന്നടക്കമുള്ള വെൽഫെയർ പാർടി പ്രവർത്തകരുടെ നേതൃത്വത്തിൽ മണൽഖനനം തടസ്സപ്പെടുത്താൻ നീക്കംനടത്തിയത്.  പുഴ സംരക്ഷണ സമിതിയെന്ന ബാനറിൽ പുറത്തൂർ പഞ്ചായത്തിനുപുറത്തുള്ള മേഖലകളിൽനിന്നുള്ള പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ മണൽ വാഹനങ്ങൾ തടഞ്ഞത്. ഇതോടെ  മണൽതൊഴിലാളികളും സമരക്കാരും തമ്മിൽ സംഘർഷത്തിനിടയായി. മണൽ ലോറിക്ക് മുന്നിൽ കിടന്നും വിവരമറിഞ്ഞ്  സ്ഥലത്ത് എത്തിയ പൊലീസുമായി സംഘർഷത്തിലേർപ്പെട്ടും ഗെയിൽ മോഡൽ സമരത്തിനാണ് വെൽഫെയർ പാർടി ശ്രമിച്ചത്. എന്നാൽ തിരൂർ സിഐ പി അബ്ദുൾ ബഷീറി​ന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സംഘർഷം ലഘൂകരിക്കുകയും സമരക്കാരെ അറസ്റ്റുചെയ്ത് നീക്കുകയുംചെയ്യുകയായിരുന്നു. തുടർന്ന് അറസ്റ്റുചെയ്തവരെ തിരൂർ കോടതിയിൽ ഹാജരാക്കി. Read on deshabhimani.com

Related News