മനസ്സുതുറന്ന് മലപ്പുറം; സഹായപ്രവാഹം തുടങ്ങിമഞ്ചേരി/ കൊണ്ടോട്ടി പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിലയ്ക്കാത്ത സഹായപ്രവാഹം. ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് ചൊവ്വാഴ്ച ധനസമാഹരണത്തിന് തുടക്കമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെയാണ് ധനശേഖണയജ്ഞം സംഘടിപ്പിച്ചത്.  മഞ്ചേരിയിൽ ആരംഭിച്ച ജില്ലയിലെ ധനസമാഹാരണയജ്ഞത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ ലഭിച്ചത് 8,48,720 ലക്ഷത്തിലേറെ രൂപ. കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന ആഹ്വാനം ഏറ്റെടുത്ത് ആവുന്നത്ര പണം സ്വരൂപിച്ചാണ് ഏറനാട്ടുകാരും കൊണ്ടോട്ടിക്കാരും താലൂക്ക് ഓഫീസിൽ എത്തിയത്. മഹിളാ സംഘടനകളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ താലൂക്ക് ഓഫീസിൽ എത്തി ചെക്കുകളും ഡ്രാഫ്റ്റുകളും മന്ത്രി കെ ടി ജലീലിന് കൈമാറി.  ചൊവാഴ്ച രാവിലെ 10.30 മുതൽ പകൽ 12.30 വരെയായിരുന്നു മഞ്ചേരിയിൽ ധനസമാഹരണ യജ്ഞം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ആദ്യം തുക നൽകിയത്. പെൻഷൻ തുകയിൽനിന്ന്  സ്വരൂപിച്ച 75,000 രൂപയാണ് അവർ നൽകിയത്. മഞ്ചേരി മുൻസിപ്പൽ കമ്മിറ്റിക്കുകീഴിലുള്ള 25 കുട്ടികളാണ് 75,000 രൂപയുടെ ചെക്ക് മന്ത്രി കെ ടി ജലീലിന് കൈമാറിയത്. തുടർന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയും 55,000 രൂപയുടെ ഡ്രാഫ്റ്റ് മന്ത്രിക്ക് കൈമാറി. വ്യാപാരിയായ അബ്ദുൽ നാസർ, സരോജിനിയമ്മ സ്മാരക ട്രസ്റ്റും 50,000 രൂപയുടെ ചെക്ക് നൽകി. പെൻഷൻ തുക, ശമ്പളം, കച്ചവടത്തിൽനിന്നുള്ള ലാഭവിഹിതം, മഹല്ല് കമ്മിറ്റികൾ പിരിച്ചെടുത്ത തുക, സ്‌കോളർഷിപ്പ് തുക എന്നിവയെല്ലാം ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.  തൃക്കലങ്ങോട്, ഊർങ്ങാട്ടി പഞ്ചായത്ത് ഭരണസമിതികൾ, മലപ്പുറം നഗരസഭ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരികൾ ഉൾപ്പെടെ നിരവധി പേരാണ് സഹായവുമായി എത്തിയത്. സഹായധനം നൽകിയ മുഴുവൻ ആളുകൾക്കും രസീതും നൽകി.   Read on deshabhimani.com

Related News