ജില്ലയിൽ ഹർത്താൽ പൂർണം ക്ഷോഭക്കൊടുങ്കാറ്റ്

ഹർത്താൽ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ മലപ്പുറത്ത്‌ നടത്തിയ പ്രകടനം


 സ്വന്തം ലേഖകന്‍ മലപ്പുറം  ഇന്ധന വിലവർധനവിനെതിരെ ഇടതുപാർടികളും കോൺഗ്രസും ആഹ്വാനംചെയ‌്ത ഹർത്താൽ ജില്ലയിൽ പൂർണം.  സർക്കാർ ഓഫീസുകളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെഎസ‌്ആർടിസിയും സർവീസ‌് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഓടിയതൊഴിച്ചാൽ നിരത്തുകൾ പൊതുവെ വിജനമായിരുന്നു. മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ കെഎസ‌്ആർടിസി ഡിപ്പോകളിൽനിന്ന‌് സർവീസുണ്ടായില്ല.  കലിക്കറ്റ‌് സർവകലാശാലയും മലയാള സർവകലാശാലയും അടഞ്ഞുകിടന്നു. ചേളാരി ഐഒസി പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. മലപ്പുറം സിവിൽ സ‌്റ്റേഷനിൽ കലക്ടറേറ്റിലും മറ്റ‌് ജില്ലാ ഓഫീസുകളിലും ജീവനക്കാരുടെ ഹാജർനില വളരെ കുറവാണ‌് രേഖപ്പെടുത്തിയത‌്.  ഹർത്താൽ കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലെങ്കിലും തിങ്കളാഴ‌്ച യാത്രചെയ്യേണ്ടവർ ഞായറാഴ‌്ച വൈകിട്ടോടെ തൊട്ടടുത്ത ലോഡ‌്ജുകളിൽ താമസിച്ചാണ‌് യാത്രപുറപ്പെട്ടത‌്.  വിമാനത്താവളത്തിൽ മറ്റ‌് രാജ്യങ്ങളിൽനിന്നെത്തിയവർ ലോഡ‌്ജുകളിൽ താമസിച്ച‌് വൈകിട്ടോടെയാണ‌് ലക്ഷ്യസ്ഥാനങ്ങളിലേക്ക‌് യാത്രതിരിച്ചത‌്. ഹർത്താലിനോടനുബന്ധിച്ച‌് എൽഡിഎഫ‌് പ്രവർത്തകർ മലപ്പുറത്ത‌് പ്രകടനം നടത്തി.  കുന്നുമ്മലിൽനിന്ന‌് ആരംഭിച്ച പ്രകടനം കോട്ടപ്പടിയിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌്, ഇ എൻ ജിതേന്ദ്രൻ, കെ പി ഫൈസൽ, കെ മജ‌്നു, സി എച്ച‌് നൗഷാദ‌്, എം എ റസാഖ‌്, പി കെ മുജീബ‌് ഹസൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News