പ്രളയം കഴുകിത്തുടച്ച‌് നന്മയുടെ ഉറവയായി ഫാസിൽ

മുഹമ്മദ് ഫാസിൽ അലക്കിയ വസ്ത്രങ്ങൾ വണ്ടിയിലേക്ക് കയറ്റുന്നു


മലപ്പുറം ജനജീവിതം ദുരിതത്തിലാക്കി പ്രളയജലം കരകവിഞ്ഞെത്തിയ നാളുകളിൽ, നന്മയുടെ വറ്റാത്ത ഉറവയും ഇവിടെ നിശ്ശബ്ദമായി ഒഴുകുന്നുണ്ടായിരുന്നു. ചെളിപൂണ്ട ജീവിതങ്ങൾക്ക‌് തെളിനീരിന്റെ അഴകും പുതുജീവിത സുഗന്ധവുമേകി ഒരു യുവാവ‌്. പ്രളയജലം കരയിറങ്ങിയിട്ടും കോട്ടക്കൽ വലിയപറമ്പ‌് മുഹമ്മദ‌് ഫാസിലിന്റെ മനസ്സിലെ മാനവികതയുടെ ഉറവ നിലച്ചില്ല. പ്രളയത്തിൽ മുങ്ങിയ വീടുകളിലെ വസ‌്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും സൗജന്യമായി അലക്കിനൽകിയും ഡ്രൈ ക്ലീൻ ചെയ‌്തുമാണ‌് ഫാസിൽ ദുരിതബാധിതരിൽ ആശ്വാസത്തിന്റെ തെളിമ നിറച്ചത‌്. പ്രളയജലം തീരംകൈയടക്കിയ നാളുകളിൽ സർക്കാരും വിവിധ സ്ഥാപനങ്ങളും വ്യക്തികളും ദുരിതബാധിതരെ സഹായിക്കുന്നതിന‌് കൈ മെയ് മറന്ന‌് ഇറങ്ങിയപ്പോൾ തന്നാലാകുന്നത‌് ചെയ്യണമെന്നായിരുന്നു ഫാസിലിന്റെ ആഗ്രഹം. തുടർന്ന‌്, മലപ്പുറംമുതൽ വേങ്ങരവരെയുള്ള ഭാഗങ്ങളിലെ വെള്ളംകയറിയ വീടുകളിലെത്തി വ‌സ‌്ത്രങ്ങളും മറ്റും ശേഖരിച്ച‌് സൗജന്യമായി അലക്കിനൽകുകയായിരുന്നു.  ഉടുപ്പുകൾക്കുപുറമെ, കർട്ടൻ, പുതപ്പ‌്, കാർപറ്റ‌്, മാറ്റ‌് എന്നിവയും ശേഖരിക്കുന്നുണ്ട‌്. ആവശ്യക്കാരുടെ വീടുകളിൽ വാഹനവുമായി എത്തിയാണ‌് ഇവ ശേഖരിച്ചിരുന്നത‌്. ഇതുവരെ 200ഓളം കുടുംബങ്ങൾക്കാണ‌് മുഹമ്മദ‌് ഫാസിലിന്റെ സൗജന്യ സേവനം ലഭ്യമായത‌്.  കുഴിപ്പുറം, ഇരിങ്ങല്ലൂർ, ഹാജ്യാർപള്ളി, പാണക്കാട‌്, തിരൂർ എന്നീ ഭാഗങ്ങളിൽനിന്നാണ‌് കൂടുതലായും വസ‌്ത്രങ്ങൾ ശേഖരിച്ചത‌്. പല വീടുകളിലെയും വസ‌്ത്രങ്ങൾ ചെളിപിടിച്ച‌് പുനരുപയോഗത്തിന‌് സാധ്യമല്ലാത്ത രീതിയിലായിരുന്നു.  ചെയ്യുന്ന നല്ല കാര്യം നാലാളെ അറിയിക്കണമെന്ന സമൂഹത്തിലെ ഭൂരിപക്ഷം പേരിൽനിന്നും വ്യത്യസ‌്തമായിരുന്നു ഫാസിൽ.  സമൂഹമാധ്യമങ്ങളിലൂടെ യാതൊരു തരത്തിലുള്ള പ്രഖ്യാപനങ്ങളും നടത്താതെയാണ‌് ഇന്നും ദുരിതബാധിതർക്ക‌് താങ്ങായി തുടരുന്നത‌്. ഫാസിലിന്റെ മാതൃകാസേവനം അറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽനിന്ന‌് അനുമോദനങ്ങളും തേടിയെത്തി. ജില്ലാ പഞ്ചായത്തും കോട്ടക്കൽ നഗരസഭയും അനുമോദനമൊരുക്കി. ഫാസിൽ സെക്രട്ടറിയായ വലിയപറമ്പിലെ ഫോക്കസ‌് കൂട്ടായ‌്മയുടെ നേതൃത്വത്തിൽ ഇടുക്കി, അങ്കമാലി ഭാഗങ്ങളിലെ പ്രളയബാധിത മേഖലയിൽ 350 കുടുംബങ്ങൾക്ക‌് ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ കിറ്റും വസ‌്ത്രങ്ങളും വിതരണംചെയ‌്തിരുന്നു. 12 വർഷമായി ഡ്രൈ ക്ലീനിങ‌് സ്ഥാപനം നടത്തുകയാണ‌് ഫാസിൽ. ഭാര്യ ഫിറോസിയ ഫർഹാനയും ഉപ്പയും ഉമ്മയും സുഹൃത്തുക്കളും പൂർണപിന്തുണയുമായി ഒപ്പമുണ്ട‌്.   Read on deshabhimani.com

Related News