യുവജനങ്ങളെ വഞ്ചിച്ച കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കും: മുഹമ്മദ‌് റിയാസ‌്    അഭിമന്യു നഗർ(ബാലുശേരി) തൊഴിൽ നൽകാമെന്ന‌് പറഞ്ഞ‌് രാജ്യത്തെ കോടിക്കണക്കിനു യുവജനങ്ങളെ വഞ്ചിച്ച കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന‌് ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് പറഞ്ഞു. ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  തൊഴിലില്ലായ‌്മയാണ‌് രാജ്യം നേരിടുന്ന പ്രധാന പ്രശ‌്നം. വിദ്യാഭ്യാസ യോഗ്യതയ‌്ക്ക‌് അനുസരിച്ച‌് രാജ്യത്തെ ചെറുപ്പക്കാർക്ക‌് തൊഴിൽ നൽകാൻ കഴിയുന്നില്ല. പ്രതിവർഷം രണ്ട‌് കോടി യുവജനങ്ങൾക്ക‌് തൊഴിൽ നൽകുമെന്ന‌് പറഞ്ഞാണ‌് നരേന്ദ്രമോഡി അധികാരത്തിൽ വന്നത‌്. അതുപ്രകാരം നാലര വർഷം കൊണ്ട‌് ഒമ്പത‌് കോടി യുവജനങ്ങൾക്ക‌് തൊഴിൽ ലഭിക്കണം. എന്നാൽ ഒമ്പത‌് ലക്ഷം പേർക്ക‌് തൊഴിൽ നൽകാൻ പോലും കേന്ദ്ര സർക്കാരിനായില്ല. മോഡി സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർത്തിക്കൊണ്ടു വരും. നവംബർ മൂന്നിന‌് ‘എവിടെ എന്റെ തൊഴിൽ ?’ എന്ന മുദ്രാവാക്യമുയർത്തി ദില്ലി ചലോ മാർച്ച‌് സംഘടിപ്പിക്കും.  മോഡി സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും വഞ്ചിക്കുകയാണ‌്. പെട്രോളിയത്തിന്റെ വിലനിയന്ത്രണാധികാരം പെട്രോളിയം വകുപ്പിനെ തിരികെ ഏൽപ്പിക്കുമെന്ന‌് പറഞ്ഞ‌് വോട്ട‌് പിടിച്ച‌് അധികാരത്തിൽ വന്ന ബിജെപി സർക്കാർ ഡീസലിന്റെ വില നിയന്ത്രണം കൂടി സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു. റിസർവ‌് ബാങ്കിന്റെ വാർഷിക റിപ്പോർട്ട‌് പുറത്തു വന്നതോടെ നോട്ട‌് നിരോധനവും പൂർണ പരാജയമാണെന്ന‌് വ്യക്തമായി. കർഷക ആത്മഹത്യയ‌്ക്ക‌് കാരണമായ കാർഷിക മേഖലയിലെ ഇറക്കുമതി നയം തിരുത്തുമെന്ന പ്രഖ്യാപനവും പാലിക്കാൻ മോഡി സർക്കാരിനായില്ല. കർഷക ആത്മഹത്യ രാജ്യത്ത‌് വർധിച്ചു. കാർഷിക മേഖലയിലെ തകർച്ച രൂക്ഷമായി.  കേരളത്തിലുണ്ടായ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പിശുക്ക‌് കാണിച്ച കേന്ദ്ര സർക്കാർ കോർപറേറ്റുകളുടെ കടം എഴുതിത്തള്ളി. രാജ്യത്ത‌് ഇടത‌്, ദളിത‌്, മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ നടക്കുന്ന വേട്ട രാജ്യത്തിന്റെ ജനാധിപത്യ ബോധത്തെ തന്നെ പഴങ്കഥയാക്കുന്നതാണ‌്.  വർഗീയതയെ തള്ളിപ്പറയുന്ന എല്ലാവരുമായും സമരമുഖങ്ങളിൽ കൈ കോർക്കാൻ ഡിവൈഎഫ‌്ഐ തയ്യാറാണെന്നും മുഹമ്മദ‌് റിയാസ‌് പറഞ്ഞു. Read on deshabhimani.com

Related News