ഈ നാടകം പറയുന്നു ‘അടിയന്തര ഓർമകൾ’

ജനകീയ നാടക സംഘം അവതരിപ്പിച്ച ‘അടിയന്തര ഓർമകൾ’ നാടകത്തിൽ നിന്ന്‌


 കോഴിക്കോട‌് അടിയന്തരാവസ്ഥയുടെ പേടിപ്പെടുത്തുന്ന  ഭൂതകാല ഓർമകൾക്കൊപ്പം വർത്തമാനകാലത്തും  ഓർമിക്കേണ്ട  ചില കാര്യങ്ങൾ പറയുകയാണ‌്  കോഴിക്കോട‌് ജനകീയ നാടക സംഘത്തിന്റെ  ‘അടിയന്തര ഓർമകൾ’ എന്ന നാടകം. ഇന്ത്യക്ക‌്  കറുത്ത നാളുകൾ സമ്മാനിച്ച അടിയന്തരാവസ്ഥയുടെ 43﹣ാം വാർഷികത്തോടനുബന്ധിച്ചാണ‌്  മൊഫ്യൂസിൽ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് നാടകം അരങ്ങേറിയത‌്.  ഇന്ദിരാഗാന്ധി,  ഈച്ചരവാര്യർ തുടങ്ങിയവരെല്ലാം കേന്ദ്രകഥാപാത്രങ്ങളായി നാടകത്തിലെത്തുന്നു. ഇന്ദിരാഗാന്ധിയെ കാളിയായാണ‌് അവതരിപ്പിക്കുന്നത‌്.  എത്ര നശിപ്പിച്ചാലും ചില തെളിവുകൾ തെളിഞ്ഞു നിൽക്കുമെന്ന‌് അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട രാജന്റെ അച്ഛൻ  ഈച്ചരവാര്യർ പറയുന്നു. അന്നത്തെ പൊലീസിന്റെ തൊപ്പി, വലിയ മീശ, ഒലക്ക തുടങ്ങിയവയെല്ലാം  ഇതിൽ കഥാപാത്രങ്ങളായെത്തുന്നു. വലിയ തോക്കുമായി പൊതുജനങ്ങളെ നോക്കി കാഞ്ചിവലിക്കുന്ന കഥാപാത്രം ഇന്നത്തെ ഫാസിസത്തിന്റെ രൂപമാണ‌്. വെടിയേറ്റു വീണവരിൽ കലബുർഗി, ഗോവിന്ദ പൻസാരെ, ഗൗരി ലങ്കേഷ‌് എന്നിവരെ  കാണാം. മാവൂർ വിജയൻ രചന നിർവഹിച്ച നാടകം എം സി സന്തോഷ‌്കുമാറാണ‌് സംവിധാനം ചെയ‌്തത‌്. സുധാകരൻ ചൂലൂർ, സീമ ഹരിദാസ‌്, ജയകാന്തി ചേവായൂർ, നിധീഷ‌് ബൈജു, കുഞ്ഞൻ ചേളന്നൂർ, ഭരതൻ സമത, സുരേഷ‌് തിരുത്ത്യാട‌്, ഷിബു വയലക്കര എന്നിവരായിരുന്നു അരങ്ങിൽ. കോ﹣ഓ ഡിനേറ്റർ സന്തോഷ‌് പാലക്കട. Read on deshabhimani.com

Related News