രണ്ടാഴ‌്ചയ്ക്കുള്ളിൽ മൂടും അപകടക്കെണിയായി റോഡിലെങ്ങും മഴക്കുഴികൾ

സ്‌റ്റേഡിയം ജങ്‌ഷനിൽ റോഡിലെ കുഴി


കോഴിക്കോട‌്  മഴക്കാലം കനത്തതോടെ റോഡുകളിൽ അപകടവും വർധിക്കുന്നു. ചെറുതും വലുതുമായ നിരവധി കുഴികളാണ‌് അപകടങ്ങൾക്ക‌് കാരണം. കുഴികളിൽ വെള്ളം നിറഞ്ഞ‌് റോഡും കുഴിയും തിരിച്ചറിയാനാകാതെ വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നു. ടൂവീലറുകളും ഓട്ടോകളുമാണ‌്  അപകടത്തിൽ പെടുന്നതിലേറെയും. നഗരത്തിലെ പ്രധാന പാതകളിലെല്ലാം ഇത്തരം കുഴികൾ രൂപപ്പെട്ടിട്ടുണ്ട‌്.  അതേസമയം, പൊതുമരാമത്ത‌് വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ‐സംസ്ഥാന‐ നഗര പാതകളിലെ കുഴികൾ രണ്ടാഴ്ചക്കകം നികത്താനായി ദ്രുതഗതിയിലുള്ള നടപടികൾ  ആരംഭിച്ചു. റോഡിലെ അപകടം വിതയ‌്ക്കുന്ന കുഴികൾ നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന  മന്ത്രി ജി സുധാകരന്റെ നിർദേശത്തെ തുടർന്നാണിത‌്.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഇടപെടൽ നടത്തി.   മിനി ബൈപാസിൽ തിരുവണ്ണൂർ മുതൽ മാങ്കാവ‌് വരെ പലയിടത്തും വൻ കുഴികളുണ്ട‌്. ഇതിലൊന്നായ കുറ്റിയിൽപടിയിലെ കുഴിയിൽ തുടർച്ചയായി രണ്ടു ദിവസം അപകടമുണ്ടായി. ബുധനാഴ‌്ച പകലുണ്ടായ സ‌്കൂട്ടർ അപകടത്തിൽ യുവതിക്ക‌് ഗുരുതരമായി പരിക്കേറ്റു.  വീട്ടിൽ നിന്ന‌് കോച്ചിങ്‌ ക്ലാസിൽ പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്​കൂട്ടർ കുഴിയിൽ ചാടി നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. റോഡിലേക്ക‌് തെറിച്ച‌് വീണ യുവതിയുടെ കാലിലൂടെ എതിരെ വന്ന ബസ്സിന്റെ ടയർ കയറിയിറങ്ങി.     ചൊവ്വാഴ‌്ച ഇവിടെയുണ്ടായ അപകടത്തിൽ ഒരു യുവാവ‌് മരിച്ചിരുന്നു. ബസ്സും ഓട്ടോയും കൂ ട്ടിയിടിച്ച‌് ഓട്ടോഡ്രൈവർ തിരുവണ്ണൂർ മാനാരി കോലാശ്ശേരി സി ധനേഷാണ‌് മരിച്ചത‌്.  ദിവസങ്ങൾക്ക‌് മുമ്പ‌് ഇതേ സ്ഥലത്ത‌് സ‌്കൂട്ടർ യാത്രികന‌് ബസ്സിടിച്ച‌് ഗുരുതരമായി പരിക്കേറ്റിരുന്നു.  മീഞ്ചന്ത‐ മാങ്കാവ‌് മിനി ബൈപാസ‌്,  വളയനാട‌് ജങ‌്ഷൻ, കല്ലുത്താൻ കടവ‌്  എന്നിവിടങ്ങളിൽ റോഡിന്റെ പല ഭാഗത്തും കുഴികളാണ‌്. കനത്ത മഴ കുഴികളുടെ ആക്കംകൂട്ടി. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ അപകടവും പതിവാകുകയാണ‌്. ഒരുമാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ‌് ബൈപാസിൽ മാത്രം ഉണ്ടായത‌്. കാൽനടയാത്രക്കാരും അപകടത്തിൽപെടുന്നു. റെയിൽവേ സ‌്റ്റേഷൻ ഒന്നാം മേൽപ്പാലം, ചിന്താവളപ്പ‌്, ടൗൺഹാളിന‌് മുൻവശം, കല്ലായി പാലം, സ‌്റ്റേഡിയം ജങ‌്ഷൻ എന്നിവിടങ്ങളിലെല്ലാം  കുഴികൾ രൂപപ്പെട്ടിട്ടുണ്ട‌്.  കോഴിക്കോട് നോർത്ത് ബീച്ച് റോഡിൽ കോന്നാട് ഭാഗത്ത്  കുഴി നാട്ടുകാർ അടച്ചു. Read on deshabhimani.com

Related News