നവകേരള നിർമിതിക്ക് ഒറ്റക്കെട്ടായി

ദുരിതാശ്വാസ നിധിയിലേക്ക്‌ പഞ്ചായത്തുകൾ സമാഹരിച്ച തുക കുന്നുമ്മൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി രാജനിൽ നിന്നും മന്ത്രിമാരായ ടി പി രാമകൃഷ്‌ണൻ, എ കെ ശശീന്ദ്രൻ എന്നിവർ സ്വീകരിക്കുന്നു


വടകര നവകേരളം വീണ്ടെടുക്കുന്നതിന് തനിക്ക് ലഭിച്ച ഗുരുദക്ഷിണ സംഭാവന നൽകി യോഗാചാര്യ, വിദ്യാർഥികൾ, റസിഡന്റ‌്സ് അസോസിയേഷൻ, കലാസമിതികൾ, വായനശാലകൾ ഒപ്പം സുമനസ്സുകളും കൈകോർത്തപ്പോൾ അത‌് നാട‌് കൂടെയുണ്ടെന്നുള്ള പ്രഖ്യാപനമായി. വടകരയിലെ അതിഥി മന്ദിരത്തിലും കുറ്റ്യാടിയിലെ പഞ്ചായത്ത് ഹാളിലും നടന്ന നവകേരള നിർമിതിക്കായുള്ള വിഭവ സമാഹരണത്തിൽ നൂറുകണക്കിനാളുകളാണ‌് തങ്ങളുടെ വിഹിതവുമായി എത്തിയത‌്‌. ആറുമാസം കൊണ്ട് 100 സ്ത്രീകളെ യോഗ അഭ്യസിപ്പിച്ച് ലഭിച്ച 10,000 രൂപ മുതൽ പത്തുലക്ഷം രൂപ വരെ ചടങ്ങിൽ സംഭാവനയായി ലഭിച്ചു. ജില്ലയിൽ തുടക്കം കുറിച്ച നവകേരള നിർമിതിക്കുള്ള വിഭവ സമാഹരണമാണ് കാരുണ്യവഴിയിൽ പുതുമാതൃക രചിക്കുന്നത്.     വടകര യോഗ പ്രചാരകേന്ദ്രത്തിലെ സി കെ പ്രമീള ആറുമാസം കൊണ്ട് നൂറ‌് സ്ത്രീകളെ യോഗ   അഭ്യസിപ്പിച്ചപ്പോൾ തനിക്ക് ഗുരുദക്ഷിണയായി ലഭിച്ച 10,000 രൂപയാണ് പുതുകേരള നിർമിതിക്ക് നൽകിയത്.  വടകര നഗരസഭ പത്ത‌് ലക്ഷം രൂപയും തിരുവള്ളൂർ, ഒഞ്ചിയം, ഏറാമല, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകൾ അഞ്ചുലക്ഷം വീതവും നൽകി. വിഭവസമാഹരണത്തിന് സമൂഹത്തിലെ നാനാതുറകളിൽ നിന്നും മികച്ച  പ്രതികരണമാണ് ഉണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാഹരണം 15വരെ തുടരും.  പാറക്കൽ അബ്ദുള്ള അഞ്ച‌് ലക്ഷം രൂപയുടെ ചെക്ക് ടി പി രാമകൃഷ്ണന് നൽകിയാണ് വിഭവസമാഹരണത്തിന് തുടക്കം കുറിച്ചത്. പാർക്കോ ജ്വല്ലറി ഉടമ പി എ റഹ്മാനും അഞ്ചുലക്ഷം രൂപ നൽകി. വടകര ശ്രീസാഗർ കോളേജ്, ആശ റെമഡീസ് കമ്പനി, നരിക്കുന്ന് യുപി സ്കൂൾ എന്നിവ രണ്ടുലക്ഷം രൂപ വീതം നൽകിയപ്പോൾ ഓർക്കാട്ടേരി എം എം യത്തീംഖാന ഇംഗ്ലീഷ്മീഡിയം സ്കൂൾ 1,86,685 രൂപ, കല്ലാച്ചി സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ 1,01,062 രൂപ, കുഞ്ഞിപ്പള്ളി എസ്എംഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1,00,001 രൂപയും നൽകി. വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, മാടക്കര തിരുവാണി ഭഗവതി ധർമ പരിപാലന സമാജം കണ്ണൂക്കര, ഐടിവൈ ഡെന്റൽ ക്ലിനിക്കിലെ ഡോ. തുളസിദാസ് എന്നിവർ ഒരുലക്ഷം രൂപയും സംഭാവന നൽകി.   Read on deshabhimani.com

Related News