കനോലി കനാലിൽനിന്ന‌് നീക്കിയത‌് 125.65 ടൺ മാലിന്യം

കനോലി കനാൽ കാരപ്പറമ്പ്‌ ഭാഗത്ത്‌ പാഴ്‌മരങ്ങൾ വെട്ടി മാറ്റി മുകളിലേക്ക്‌ കയറ്റുന്നു


കോഴിക്കോട‌്  നൂറുകണക്കിന‌് സന്നദ്ധ സേവകർ  ചേർന്ന‌്  15 ദിവസംകൊണ്ട‌്  കനോലി കനാലിൽനിന്ന‌് നീക്കിയത‌് 125.65 ടൺ മാലിന്യം. മാലിന്യ നിർമാർജനത്തിന‌് പുതു മാതൃക കാട്ടിത്തന്ന‌് നാടൊരുമിച്ചുള്ള തീവ്ര ശുചീകരണ യജ്ഞത്തിന‌് സമാപനം. ഇനിയുള്ളത‌് കനാലിനെ എട്ടു ഭാഗങ്ങളായി തിരിച്ചുള്ള പ്രവർത്തനം. കോർപറേഷൻ, ജില്ലാ ഭരണ നേതൃത്വം, നിറ‌വ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ‌് ‘ഓപ്പറേഷൻ കനോലി കനാൽ’ എന്ന യജ്ഞത്തിലൂടെ കനാൽ ശുചീകരണം തുടങ്ങിയത‌്. ആദ്യഘട്ടത്തിന്റെ അവസാന ദിവസംതന്നെ രണ്ടാംഘട്ടം പ്രവർത്തനങ്ങൾക്കും തുടക്കമായി. കെഎസ‌്ഇബി, അഗ‌്നിശമന സേനാ വിഭാഗം, ജലസേചന വകുപ്പ‌്‌, കാസർകോട്ടുനിന്നുള്ള വനം വകുപ്പ‌് ജീവനക്കാർ, വിവിധ സ‌്കൂൾ ‐കോളേജ‌് വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ, റസിഡന്റ‌്സ‌് അസോസിയേഷൻ, യുവജന ക്ലബ്ബുകൾ തുടങ്ങി ഒട്ടനവധി പേരാണ‌് കനാലിനെ മാലിന്യമുക്തമാക്കാൻ അണിചേർന്നത‌്.    എരഞ്ഞിക്കൽ മുതൽ കല്ലായിപ്പുഴ വരെയുള്ള 11.2 കിലോമീറ്റർ കനോലി കനാലാണ‌്    ശുചിയാക്കിയത‌്.  2513 ചാക്ക‌് അജൈവമാലിന്യങ്ങൾ നീക്കംചെയ‌്തു. ജൈവമാലിന്യം കൂടാതെയാണിത‌്. ഒരു ചാക്ക‌് ഏകദേശം 50 കിലോയ‌്ക്കടുത്തുവരും. 1,25,650 കിലോ ഉണ്ടാകുമിത‌്. ഈ മാലിന്യങ്ങൾ വെസ‌്റ്റ‌്ഹില്ലിലെ കോർപറേഷന്റെ കീഴിലുള്ള പ്ലാസ‌്റ്റിക‌് റിസൈക്ലിങ്‌ യൂണിറ്റിൽ പുനഃചംക്രമണത്തിന‌് വിധേയമാക്കും. കനോലി കനാലിനെ പൂർണതോതിൽ മാലിന്യ മുക്തമാക്കാനായി തുടർ പദ്ധതി ആവിഷ‌്കരിച്ചിട്ടുണ്ട‌്. ഇതിന്റെ ആദ്യഘട്ടത്തിൽ കനാലിനെ എട്ടുഭാഗങ്ങളായി തിരിച്ചു. കനോലി കനാലിന‌് സമീപത്തുള്ള വീട്ടുകാർ, വ്യാപാര സ്ഥാപനങ്ങൾ, മറ്റുസ്ഥാപനങ്ങൾ, റസിഡന്റ‌്സ‌് അസോസിയേഷൻ എന്നിവരെ പങ്കെടുപ്പിച്ച‌ാണ‌്   തുടർ ശുചീകരണം നടത്തുക. ഇതിന്റെ ഏകോപനത്തിനായി ആരോഗ്യ സമിതി അധ്യക്ഷൻ കെ വി ബാബുരാജ‌ിന്റെ  നേതൃത്വത്തിൽ  കനാലിന്റെ ഇരുഭാഗത്തുമുള്ള കൗൺസിലർമാരുടെ യോഗം ചേരും. ബുധനാഴ‌്ച പകൽ മൂന്നിന‌് കോർപറേഷനിലാണ‌് യോഗം.  എട്ടുഭാഗങ്ങളിൽനിന്ന‌് വെള്ളം ശേഖരിച്ച‌് സിഡബ്ല്യുആർഡിഎമ്മിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. വെള്ളം മലിനമാക്കുന്നവരെ കണ്ടെത്താനാണിത‌്. ഇത്തരക്കാർക്കെതിരെ മലിനീകരണ നിയന്ത്രണ വകുപ്പ‌് നടപടിയും സ്വീകരിക്കും. കനാലിലേക്ക‌് തുറക്കുന്ന ഓവുചാലുകളിൽ കമ്പിവല സ്ഥാപിച്ച‌് അജൈവ വസ‌്തുക്കൾ എത്തുന്നത‌് തടയും. കനാലിന്റെ സംരക്ഷണത്തിനായി ഗ്രീൻ ഗാർഡുമാരെയും നിയമിക്കും.  പരിഷത്തിന്റെ ആഭിമുഖ്യത്തിലും ബോധവൽക്കരണം നടത്തും. വീട്ടുമുറ്റ ക്ലാസുകളും തെ ബോധവൽക്കരണ ജാഥകളും നടത്താനാണ‌് പരിപാടി.  രണ്ടാംഘട്ടത്തിലെ  വിവിധ ഭാഗങ്ങളായി തിരിച്ചുള്ള ബോർഡുവയ‌്ക്കലിന്റെ ഉദ‌്ഘാടനം എരഞ്ഞിക്കലിൽ എ പ്രദീപ‌് കുമാർ എംഎൽഎ നിർവഹിച്ചു. സമാപന ചടങ്ങ‌് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. കോർപറേഷൻ വികസന സമിതി അധ്യക്ഷന്മാരായ കെ വി ബാബുരാജ‌്, എം രാധാകൃഷ‌്ണൻ, മുൻ മേയർ എം ഭാസ‌്കരൻ, ജോയ‌്മാത്യു, നിറവ‌് കോ ഓർഡിനേറ്റർ ബാബു പറമ്പത്ത‌്, പ്രൊഫ. എ ശോഭീന്ദ്രൻ, എ പി സത്യൻ, പ്രമോദ‌് ചന്ദ്രൻ, പി പി റീമ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News