പ്രളയബാധിത തൊഴിലുറപ്പ് തൊഴിലാളികൾക്ക് 150 തൊഴിൽ ദിനങ്ങളനുവദിക്കും: മന്ത്രി

തലയോലപ്പറമ്പ് ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ക്യാമ്പിൽ കഴിയുന്ന രക്തസാക്ഷി വടയാർ തങ്കപ്പന്റെ ഭാര്യ തങ്കമ്മയുമായി സംസാരിക്കുന്നു


   വൈക്കം പ്രളയബാധിത പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 150 തൊഴിൽ ദിനങ്ങളനുവദിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. വൈക്കം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ചാലപ്പറമ്പ് ക്യാമ്പിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ക്യാമ്പുകൾ ഏതാണ്ട് പര്യവസാനിക്കുകയാണ്. പിരിഞ്ഞുപോകുമ്പോൾ ഓരോ കുടുംബത്തിനും നാല് ദിവസത്തേക്കുള്ള ഭക്ഷ്യസാധനമടങ്ങിയ കിറ്റുകൾ സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.  പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന തലയോലപ്പറമ്പിലെ വിവിധ പ്രദേശങ്ങളും സന്ദർശിച്ചു. തലയോലപ്പറമ്പ് ഗവ. യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയാണ് മടങ്ങിയത്.  വടയാർ കോരിക്കൽ പ്രദേശവും മറവൻതുരുത്ത് പാറയ്ക്കൽ വെള്ളപ്പൊക്കത്തിൽ തീരമിടിഞ്ഞ് അപകടാവസ്ഥയിലായ താഴത്തുവീട്ടിൽ ബൈജുവിന്റെ വീടും സന്ദർശിച്ചു.  സി കെ ആശ എംഎൽഎ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, നഗരസഭ ചെയർമാൻ പി ശശിധരൻ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ കെ അരുണൻ, കെ ശെൽവരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി സുഗതൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ബിജു വി കണ്ണേഴൻ, നടുവിലെ വില്ലേജ് ഓഫീസർ ഡി സിന്ധു, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടൻ, ഡോ. സി എം കുസുമൻ, അഡ്വ. എൻ ചന്ദ്രബാബു, വി ടി പ്രതാപൻ, എ പത്രോസ്, ടി എസ് താജു, കെ ബി സുരേന്ദ്രൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു.         Read on deshabhimani.com

Related News