കിഴക്ക‌് വരൾച്ച; വെള്ളമിറങ്ങാതെ പടിഞ്ഞാറ‌്

മഹാപ്രളയത്തിന്‌ ശേഷം ആഴ്‌ചകൾ മാത്രം പിന്നിടുമ്പോൾ വരണ്ടുണങ്ങി വിണ്ടുകീറിയ മീനച്ചിലാർ. മീനച്ചിലാറിന്റെ പ്രധാന കവാടമായ പാറമ്പുഴ ഫോറസ്‌റ്റ്‌ ഡിപ്പോയിലെ മണപ്പുറത്തുനിന്നുള്ള ദൃശ്യം. വരാനിരിക്കുന്ന വൻ വരൾച്ചയുടെ സൂചനയാണിതെന്ന ആശങ്കയിലാണ്‌ ആളുകൾ


 കോട്ടയം പ്രളയം കഴിഞ്ഞു; ഇതേത്തുടർന്നുള്ള ദുരിതപ്പെയ‌്ത്ത‌് ഒഴിയുന്നതേയുള്ളൂ. പക്ഷെ, ജനങ്ങളെ ആശങ്കയിലാക്കി നദികളിലെ ജലനിപ്പ് താഴുന്നത് പുതിയ പ്രതിഭാസം. സാധാരണ മഴക്കാലവും വെള്ളപ്പൊക്കും കഴിഞ്ഞാൽ ആറ്റിലെ ജലനിപ്പ് ഉയരാറാണ് പതിവ്.  ആറ്റിൽ സുലഭമായി വെള്ളവും ഉണ്ടാകും. എന്നാൽ ഇത്തവണ ആറ്റിലെയും തോടുകളിലേയും അടക്കം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കൈത്തോടുകൾ പലതും വറ്റിത്തുടങ്ങി. വീടുകളിലെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി.  പാലത്തിനോട് ജലം മുട്ടിയിരുമ്മി നിന്ന ആറുകളിലെ വെള്ളമാണ് പ്രളയശേഷം താഴ്ന്നിരിക്കുന്നത്. ജില്ലയിലെ പ്രധാന നദിയായ മീനച്ചിലാറാണ് കൂടുതൽ ഭീഷണി നേരിടുന്നത്. ഏറ്റവും കൂടുതൽ കൈവഴിയുള്ള ആറ്റിലെ ജലനിരപ്പ്  ആശങ്കാജനകമാം വിധം താഴ്ന്നിരിക്കുന്നു. മീനച്ചലാർ വഴിയാണ് ഒരുകാലത്ത് വ്യാപാരങ്ങൾ നടന്നിരുന്നത്. വലിയ വള്ളങ്ങൾക്ക‌് പോകാൻ കഴിയുന്നയത്രയും വെള്ളമുണ്ടായിരുന്നു.  പ്രളയാനന്തരം കനത്തവെയിലും ചൂടും എത്തിയതോടെ ആറ്  മെലിഞ്ഞു. ഇപ്പോൾ ആറ്റിലൂടെ നടന്നുപോകാം;  അത്രത്തോളം വെള്ളം താഴ്ന്നു. ഇതോടെ മീനച്ചിലാറിന്റെ തീരത്ത് താമസിക്കുന്നവരുടെ കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി.  മറ്റ് ആറുകളുടെ കൈത്തോടുകളുടെയും അവസ്ഥയ‌്ക്ക് മാറ്റമില്ല. സാധാരണയിലും കരകവിഞ്ഞ് വെള്ളം ഒഴുകിയപ്പോൾ ആറ്റിലെ മേൽമണ്ണ് മുഴുവൻ ഒഴുക്കിക്കൊണ്ടുപോയതാണ് വെള്ളം വറ്റാൻ പ്രധാനകാരണമായി വിദഗ്ധർ പറയുന്നത്. ആറ്റിലെ വെള്ളത്തെ തടഞ്ഞു നിർത്തുന്നതിൽ ഒരു പരിധിവരെ ഈ മണ്ണിന് വലിയ പങ്കുണ്ടായിരുന്നു. ഒപ്പം ആറിന് ഇരുവശത്തുമുള്ള മണ്ണുകൾ കനത്ത വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞ് താഴ‌്ന്നു. ഇതിനിടയിലുണ്ടായിരുന്ന നീരുറവകളുടെ സ്രോതസ്സുകൾ അടഞ്ഞു. ഇതുമൂലം ആറ്റിലെ ഉറവ പൂർണമായും ഇല്ലാതായി. ഇതും ആറ്റിലെ ജലനിരപ്പ് കുറയാൻ കാരണമാണ്. നദികളുടെ അടിത്തട്ടിൽ പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയിരുന്ന ചെളിത്തട്ട‌് ഒലിച്ചുപോയതിലൂടെ ജലം തങ്ങി നിൽക്കുന്ന പ്രവണത ഇല്ലാതായെന്നും ഭൗമ ശാസ‌്തജ്ഞർ വിലയിരുത്തുന്നു. നദിയുടെ അടിത്തട്ടിലെ ശിലാപാളികളിലും കുത്തൊഴുക്ക‌് മാറ്റം വരുത്തിയതായാണ‌് കണക്കുകൂട്ടലുകൾ. വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം വർധിച്ചേക്കാം. നാട്ടിലെ ജലസ്രോതസിനെ ഇത‌് കാര്യമായി ബാധിക്കും. അതിനാൽ നദികളെ സംരക്ഷിക്കുന്നതിന് സംവിധാനങ്ങൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.   Read on deshabhimani.com

Related News