പഴയപാലം ടാർചെയ്തു; ഗതാഗതക്കുരുക്കിന‌് പരിഹാരമായി  കോട്ടയം നാഗമ്പടം പുതിയ റെയിൽവേ മേൽപാലത്തിന്റെ പണി തുടങ്ങിയ  ആന്നുമുതൽ തുടങ്ങിയതാണ‌്  ഗതാഗതക്കുരുക്ക്. എന്നാൽ പഴയ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടുന്നുണ്ടായിരുന്നെങ്കിലും കുരുക്ക് രൂക്ഷമായിരുന്നു. മാസങ്ങളായി തകർന്നു കിടന്നിരുന്ന പാലത്തിലെ ടാറിങ് കഴിഞ്ഞ ശനിയാഴ‌്ച രാത്രിയാണ് ചെയ്തത്. അന്നുമുതൽ നാഗമ്പടത്തെ ഗതാഗതക്കുരുക്ക‌് കുറഞ്ഞു. വളരെ സുഗമമായാണ് വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്. മുമ്പ‌് ഇവിടെ നാല് പൊലീസുകാർ നിയന്ത്രിച്ചിരുന്ന ഗതാഗതം ഇപ്പോൾ ഒരു പൊലീസാണ‌് നിയന്ത്രിക്കുന്നത‌്. ഒരാഴ്ചമുമ്പ‌് വരെ ബേക്കർ ജങ്ഷൻ മുതൽ പാസ‌്പോർട്ട‌് സേവാകേന്ദ്രം വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. എന്നാൽ ടാറിങ്ങിനു ശേഷം ഇത് മാറി. നാഗമ്പടത്തെ സെന്റ് ആന്റണിസ് പള്ളിയിലെ പ്രധാന പ്രാർഥന നടക്കുന്ന ചൊവ്വാഴ്ചകളിൽ കൂടുതൽ തിരക്ക് അനുഭവിക്കുന്നതെങ്കിലും അത് ഈ ആഴ്ച ഉണ്ടായില്ലെന്ന് അധികൃതർ പറഞ്ഞു. 2015 ൽ തുടങ്ങിയ റെയിൽവേ മേൽപാലത്തിന്റെ പണി പൂർത്തിയായിട്ടില്ല. രണ്ടു മാസത്തിനകം ഒരുഭാഗം ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് തീരുമാനം. റെയിൽവേ ഗുഡ്‌ഷെഡ് റോഡിലെ മുളങ്കുഴി പാലത്തിന്റെ പണി അടുത്തമാസം പൂർത്തിയാകും. എംസി റോഡിൽ നിന്ന‌് നഗരത്തിൽ കേറാതെ ചെറുവാഹനങ്ങൾക്ക് കഞ്ഞിക്കുഴി, കലക്ടറേറ്റ‌് ഭാഗത്തേക്കു പോകാനുള്ള എളുപ്പവഴിയാണ് ഇത്.   . Read on deshabhimani.com

Related News