ധനസമാഹരണത്തിന്‌ ത്രിതല ജനപ്രതിനിധികൾ ഒറ്റക്കെട്ടാകണം: മന്ത്രി തോമസ് ഐസക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്‌ ചങ്ങനാശേരി മതുമൂല പുനർജനി കോൽക്കളി സംഘം കോട്ടയം തിരുനക്കരയിൽ അവതരിപ്പിച്ച കോൽക്കളി


 കോട്ടയം പ്രളയത്തിൽ നശിച്ച കേരളത്തെ വീണ്ടെടുക്കാൻ സർക്കാർ നടത്തുന്ന ധനസമാഹരണ യജ്ഞത്തിൽ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി പങ്കാളികളാകണമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്യാൻ കോട്ടയത്ത് ചേർന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   കേരളത്തിന്റെ പുനഃസൃഷ്ടിക്ക് കേന്ദ്ര സർക്കാരിന്റെ സഹായം പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പുനരധിവാസത്തിനുള്ള തുക കണ്ടെത്താൻ പ്രാദേശിക ധനസമാഹരണമല്ലാതെ മറ്റ് പോംവഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. നിർമാണ മേഖല ഉൾപ്പെടെ സമസ്ത മേഖലകളും സ്തംഭിച്ചു. കാർഷിക അനുബന്ധ മേഖലകൾ തീവ്ര വരുമാനനഷ്ടം നേരിടുന്നു. തൊഴിലാളികൾക്ക് തൊഴിലും കർഷകർക്ക് വരുമാനവും നഷ്ടമായ സാഹചര്യത്തിൽ ഇവരെയെല്ലാം കൈപിടിച്ചുയർത്താൻ 30 കോടിയോളം രൂപ വേണ്ടിവരും. തകർന്ന റോഡുകൾ, പാലങ്ങൾ, കുടിവെള്ള സംവിധാനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ബണ്ടുകൾ എന്നിവ ബലവത്തായ രീതിയിൽ  അടിയന്തിരമായി പുനർനിർമിക്കേണ്ടതുണ്ട്. തീരമേഖലയിൽ കടൽഭിത്തിയും മലയോരമേഖലയിൽ സംരക്ഷണഭിത്തി യും നിർമിക്കണം.  ഇരുപതിനായിരം കോടി രൂപ  ഈ പ്രവർത്തനങ്ങൾക്കായി   ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.  ഇതിനു പുറമേ ദുരിതാശ്വസ പുനരധിവാസ പ്രവർത്തനങ്ങളും തുലാവർഷത്തിനു മുൻപേ പൂർത്തിയാക്കണം. ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ 6000 കോടി രൂപ അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ട്. കഴിവും മനസ്സുമുള്ളവരെ കണ്ടെത്തി ഇവരിൽ നിന്നും ധനസഹായം ഉറപ്പാക്കാൻ  ജനപ്രതിനിധികൾ ശ്രമം നടത്തണം. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കുള്ള പരാതികൾക്ക് തീർപ്പുണ്ടാക്കാൻ  സംവിധാനം ഒരുക്കുമെന്നും  അദ്ദേഹം പറഞ്ഞു.      മന്ത്രി കെ രാജു അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച 10 ലക്ഷം രൂപയും  കുറവിലങ്ങാട് പഞ്ചായത്ത് സമാഹരിച്ച 21.76 ലക്ഷം രൂപയും മന്ത്രിമാർ ഏറ്റുവാങ്ങി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സി കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, കലക്ടർ ഡോ. ബി എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സഖറിയാസ് കുതിരവേലി, എഡിഎം ഇൻ ചാർജ‌് അലക്സ് ജോസഫ്  എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News