എല്ലാം നല്ലതിനെന്ന് അയ്മനം ജോൺ കോട്ടയം  എസ് ഹരീഷിന്റെ നോവൽ 'മീശ' വിവാദമായത് ഒരു നിമിത്തമായി കണ്ടാൽ മതിയെന്ന് പ്രശസ്ത കഥാകൃത്തും ദേശാഭിമാനി സാഹിത്യ അവാർഡ് ജേതാവുമായ അയ്മനം ജോൺ പ്രതികരിച്ചു.  ഇതുമായി ബന്ധപ്പെട്ട് നാഴികക്കല്ലായി മാറുന്ന സുപ്രിംകോടതി വിധി വന്നതാകട്ടെ 'എല്ലാം നല്ലതിനാണെ'ന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നു. നിർണായക ചരിത്രസന്ദർഭത്തിലാണ് ഈ വിധി ‐ അദ്ദേഹം പറഞ്ഞു.     ഫാസിസ്റ്റ് വിലക്കുകൾക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യം പരിരക്ഷിക്കുന്ന വിധിയാണിത്. ഇത് എഴുത്തുകാർക്ക് നൽകുന്ന ധൈര്യമാണ് പ്രധാനം ‐ കവി എസ് ജോസഫ് പറഞ്ഞു. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ആവിഷ്കാര സ്വാതന്ത്ര്യം ജീവവായു ആണ്. അതിന്വേണ്ടി കോടതി ഇടപെട്ടതും സുപ്രധാന വിധി പുറപ്പെടുവിച്ചതും ആശ്വാസകരമാണ്. ആത്യന്തികമായി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് സമൂഹത്തിന് ഗുണകരമാണെന്നും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. കെ ആർ ചന്ദ്രമോഹനൻ പറഞ്ഞു.   നീണ്ടൂർ സ്വദേശിയും സർക്കാർ ജീവനക്കാരനുമായ ഹരീഷിന്റെ നോവൽ വിവാദമായതോടെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതെന്ന് പ്രസാധകരായ ഡിസി ബുക്സ് പബ്ലിക്കേഷൻ മാനേജർ എ വി ശ്രീകുമാർ പറഞ്ഞു. 'മാതൃഭൂമി വാരിക'യിൽ ഖണ്ഡശ്ശ പ്രസിദ്ധപ്പെടുത്തിവന്ന നോവലിനെച്ചൊല്ലി മൗലികവാദികളുടെ ഭീഷണി ഉയർന്നതോടെ മൂന്ന് ലക്കം കഴിഞ്ഞപ്പോൾ കഥാകൃത്ത് തന്നെ പിൻവലിക്കുകയായിരുന്നു. 280 രൂപയാണ് പുസ്തകവില.     Read on deshabhimani.com

Related News