ദുരിതബാധിതരെ സഹായിക്കാൻ ജില്ലയിൽ സിപിഐ എം ഫണ്ട് ശേഖരണം നാളെകൊല്ലം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാൻ  ജില്ലയിൽ  എല്ലാ പാർടി ഘടകങ്ങളും പ്രവർത്തകരും വ്യാഴാഴ്ച രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് യോഗം അഭ്യർഥിച്ചു.  സംസ്ഥാനത്ത് 1924നു ശേഷമുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഇപ്പോഴത്തേത്.  വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൃഷിനാശം, ഉരുൾപൊട്ടൽ, റോഡുകളുടെ തകർച്ച എന്നിവമൂലം ജീവിതം താറുമാറായവർ നിരവധിയാണ്. മഴക്കെടുതിയിൽ ഇതിനകം 38 പേർ മരിക്കുകയും 32 പേരെ കാണാതാകുകയും ചെയ്തു. അയ്യായിരത്തോളം വീട‌് ഭാഗികമായും നൂറുകണക്കിന് വീട‌് പൂർണമായും തകർന്നു. പലർക്കും സ്വന്തം ഭൂമിയും വീടും സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും നഷ്ടമായി. സംസ്ഥാനത്ത് 1023 ദുരിതാശ്വാസ ക്യാമ്പുകളിലായി 101213 പേർ കഴിയുന്നു. ജില്ലയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദുരന്തനിവാരണസേന, പൊലീസ്, ഫയർഫോഴ്സ്, കേന്ദ്രസേന എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായ രക്ഷാപ്രവർത്തനമാണ് ഒരുക്കിയത്.   ‘എന്തിനേക്കാളും നിങ്ങളുടെ ജീവനാണ് സർക്കാരിന് വലുതെന്ന’  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ജനങ്ങൾക്ക് ആശ്വാസമായി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും വീട് നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം, ഭൂമി നഷ്ടപ്പെട്ടവർക്ക് ആറു ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം എന്നീ ക്രമത്തിൽ സർക്കാർ സഹായം ഉണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര ആശ്വാസമായി 3500 രൂപ നൽകാൻ തീരുമാനിച്ചു. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പുതിയവ നൽകാനും സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവർക്ക് പ്രത്യേക അദാലത്ത് നടത്തി അവ നൽകാനും തീരുമാനമെടുത്തു.  പുനരധിവാസത്തിനും ആശ്വാസ നടപടികൾക്കും റോഡുകളും മറ്റും പുനർനിർമിക്കുന്നതിനും കോടിക്കണക്കിനു  രൂപയാണ് ആവശ്യം. എന്നാൽ, അടിയന്തരസഹായമായി 1220 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ചത്  100 കോടി മാത്രമാണ്.  പ്രാഥമിക കണക്കനുസരിച്ച് 8316 കോടിരൂപയുടെ നാശനഷ്ടം ഉണ്ടായ സ്ഥാനത്താണ് ഇത്രയും പരിമിതമായ തുക പ്രഖ്യാപിച്ചത‌്. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികസഹായം ചെയ്യാൻ മുഖ്യമന്ത്രി എല്ലാവിഭാഗം ജനങ്ങളോടും അഭ്യർഥിച്ചിരിക്കുകയാണ്.  ജില്ലയിൽ വീടുകളും കടകമ്പോളങ്ങളും സന്ദർശിച്ച് പാർടി പ്രവർത്തകർ വിവിധ പാർടി ഘടകങ്ങളുടെ നേതൃത്വത്തിൽ  വ്യാഴാഴ്ച ഫണ്ട് ശേഖരണം നടത്തും. ദുരിതബാധിതരെ സഹായിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും സഹായകരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ എല്ലാ പാർടി പ്രവർത്തകരോടും എല്ലാ ബഹുജനങ്ങളോടും സിപിഐ എം ജില്ലാസെക്രട്ടറി എസ‌് സുദേവൻ   പ്രസ്താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News