നവകേരള സൃഷ്ടിയിൽ യുവാക്കൾ പങ്കാളികളാകണം: മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ

സന്നദ്ധ പ്രവർത്തകർക്കായി സംസ്ഥാന യുവജന കമീഷൻ നേതൃത്വത്തിൽ ആശ്രാമം ഗസ്റ്റ് ഹൗസിൽ ആരംഭിച്ച പരിശീലന ക്യാമ്പ‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ ഉദ‌്ഘാടനംചെയ്യുന്നു


കൊല്ലം പ്രളയശേഷമുള്ള നവകേരള സൃഷ്ടിയിൽ യുവാക്കൾ പങ്കാളികളാകണമെന്ന‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ പറഞ്ഞു. ഏത് വെല്ലുവിളികളെയും അവസരമാക്കി മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തി യുവാക്കൾക്ക് ഉണ്ടാകണം. സന്നദ്ധ പ്രവർത്തകർക്കായി സംസ്ഥാന യുവജന കമീഷൻ നേതൃത്വത്തിൽ  ആശ്രാമം ഗസ്റ്റ് ഹൗസിൽ ആരംഭിച്ച മൂന്നു ദിവസത്തെ പരിശീലന ക്യാമ്പ‌് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  യുവാക്കളിലാണ‌് നാടിന്റെ പ്രതീക്ഷ. പുനർനിർമാണ പ്രവർത്തനത്തിൽ യുവാക്കളെ നയിക്കാൻ യുവജന കമീഷനു കഴിയണം. കൂട്ടായ‌്മയാണ‌് വിജയത്തിന്റെ അടിസ്ഥാനം. ഒരു വില്ലേജിൽനിന്ന് മൂന്നും  പഞ്ചായത്തിൽനിന്ന് അഞ്ചും പേരെ സംഘടിപ്പിച്ച് സംസ്ഥാനത്തെ 1000 പഞ്ചായത്തുകളിൽനിന്ന് വലിയൊരു കൂട്ടായ്മയുണ്ടാക്കി അടിയന്തരഘട്ടങ്ങളിൽ സന്നദ്ധ പ്രവർത്തനത്തിന‌് ഉപയോഗിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അധ്യക്ഷയായി.  പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവജന കമീഷൻ  ആദ്യഘട്ടമായി സമാഹരിച്ച 1.22 ലക്ഷം രൂപയുടെ ചെക്ക‌് ചിന്താ ജെറോം മന്ത്രിക്ക‌ു കൈമാറി.  കമീഷൻ അംഗങ്ങളായ അഡ്വ. കെ ജനീഷ് കുമാർ, ദീപു രാധാകൃഷ്ണൻ, അഡ്വ. ടി മഹേഷ്, ടിന്റു സ്റ്റീഫൻ, കമീഷൻ സെക്രട്ടറി ഡി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കമീഷൻ അംഗം കെ വി രാജേഷ്  സ്വാഗതവും വി വിനിൽ നന്ദിയും പറഞ്ഞു. വാർത്തകൾ സത്യവും മിഥ്യയും എന്ന വിഷയത്തിൽ  മാതൃഭൂമി ഓൺലൈൻ സീനിയർ കൺസൾട്ടന്റ്  സുനിൽ പ്രഭാകർ, പുനരധിവാസ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ   ഹരിത കേരളം ടെക്നിക്കൽ ഓഫീസർ വി രാജേന്ദ്രൻനായർ,  കമീഷൻ പ്രവർത്തനങ്ങളുടെ മാർഗരേഖ എന്ന വിഷയത്തിൽ ഫിനാൻസ് ഓഫീസർ ഷീന സി കുട്ടപ്പൻ, കമീഷനും പൊതുജന സമ്പർക്ക പ്രവർത്തനവും എന്ന വിഷയത്തിൽ  മീഡിയ കോഓർഡിനേറ്റർ  ജിതേഷ് ദാമോദർ എന്നിവർ ക്ലാസെടുത്തു.    ബുധനാഴ‌്ച രാവിലെ ആറന്മുളയിൽ യുവജന കമീഷൻ സന്നദ്ധപ്രവർത്തകർ പ്രളയാനന്തര പുനരധിവാസ പ്രവർത്തനം നടത്തും. കൊല്ലം സിറ്റി കമീഷണർ അരുൾ ആർ ബി കൃഷ്ണ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.       വ്യാഴാഴ‌്ച രാവിലെ പത്തിന‌് ലഹരിവിമുക്ത പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ  എൻ സൂരജ‌് ക്ലാസെടുക്കും. നവ മാധ്യമങ്ങളിലെ ഇടപെടലുകൾ മാറിയ കാലത്ത് എന്ന വിഷയത്തിൽ പകൽ 12ന‌് നീരജ ക്ലാസെടുക്കും. സമാപന സമ്മേളനം  എം നൗഷാദ് എംഎൽഎ  ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News