പ്രതിസന്ധി ഘട്ടത്തിൽ എഴുത്തുകാർ ജനങ്ങൾക്കൊപ്പം നിൽക്കണം: അശോകൻ ചരുവിൽ

കടമ്മനിട്ട സ‌്മാരക കവിതാ പുരസ‌്കാരം പ്രഭാവർമയ‌്ക്ക‌് അശോകൻ ചരുവിൽ സമ്മാനിക്കുന്നു


കൊല്ലം  സമൂഹം പ്രതിസന്ധി നേരിടുമ്പോൾ എഴുത്തുകാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന‌് കഥാകൃത്ത‌് അശോകൻ ചരുവിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ  എഴുത്തുകാരൻ വലിയ മനോവേദന  അനുഭവിക്കുകയാണെന്ന് കരുതണം. ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ കടമ്മനിട്ട സ്മാരക കവിതാ പുരസ്കാരദാന ചടങ്ങിൽ കടമ്മനിട്ട അനുസ‌്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  യഥാർഥ എഴുത്തുകാരൻ പിടയുന്ന മനസ്സോടെയാണ് അത്തരം അവസ്ഥയെ നേരിടുക. വൈവിധ്യമാർന്ന സംസ്കാരത്തിൽ ഒന്നിനെ മാത്രം മുഖ്യധാരയിൽ പ്രതിഷ്ഠിച്ചാൽ രാജ്യത്തിനു നിലനിൽപ്പുണ്ടാവില്ല. സംഘപരിവാരങ്ങൾ ജനങ്ങളുടെ ജീവിതത്തെ തകർത്തെറിയുന്ന കാലഘട്ടമാണിത‌്. ദുർഭൂതങ്ങൾ സമൂഹമധ്യത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. അരാഷ്ട്രീയ നിലപാടുകളിൽനിന്ന് രാഷ്ട്രീയത്തിലേക്ക് മലയാള കവിത വ്യതിചലിക്കാൻ കാരണമായത‌് കടമ്മനിട്ടയുടെ സാന്നിധ്യമായിരുന്നു. സമകാലിക കവികളേക്കാൾ അസാമാന്യ പ്രതിഭയായിരുന്നു. മലയാള സാഹിത്യത്തിലെ ആധുനികതയ‌്ക്ക‌് തുടക്കത്തിൽ ഫ്യൂഡൽ നാടുവാഴിത്തത്തിന്റെ പ്രതികാര മനോഭാവമെന്ന‌് സംശയിക്കാവുന്ന ചില പ്രവണതകളുണ്ടായിരുന്നു. തുടക്കത്തിൽ അരാഷ്ട്രീയ ദൗത്യത്തിൽനിന്ന‌് കവിതയെ മാറ്റിയെടുക്കാൻ കടമ്മനിട്ടയ‌്ക്ക‌് കഴിഞ്ഞു. എഴുതപ്പെട്ട കാലത്തേക്കാൾ തീവ്രമായി കാലങ്ങളോട‌് പ്രതികരിക്കുന്നവയാണ‌് കടമ്മനിട്ടയുടെ കവിതകളെന്നും അദ്ദേഹം പറഞ്ഞു.  കടമ്മനിട്ട കവിതാ പുരസ്കാരം പ്രഭാവർമയ‌്ക്ക‌് അശോകൻ ചരുവിൽ സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് പി കെ ഗോപൻ അധ്യക്ഷനായി.  കടമ്മനിട്ടയുടെ ഭാര്യ ശാന്ത കടമ്മനിട്ട, നോർക്ക റൂട‌്സ‌് വൈസ‌് ചെയർമാൻ കെ വരദരാജൻ, ഡി സുകേശൻ, എസ് നാസർ, എസ് വേണുഗോപാൽ, ആർ കെ ദീപ, എം സലിം, എം ബാലചന്ദ്രൻ, പി ചന്ദ്രശേഖരപിള്ള, കെ ബി മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News