ധനസമാഹരണം 12 മുതല്‍: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ നേതൃത്വം നല്‍കും കൊല്ലം കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞം  ‘കനിവോടെ കൊല്ല’ത്തിന്റെ ഭാഗമായി 12 മുതല്‍ 14 വരെ താലൂക്ക് അടിസ്ഥാനത്തില്‍ സംഭാവനകള്‍ സ്വീകരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയും മറ്റു ജനപ്രതിനിധികളും താലൂക്ക് കേന്ദ്രങ്ങളില്‍ നേരിട്ടാണ് തുക സ്വീകരിക്കുക.  12നു പകല്‍ 10.30 മുതല്‍ 12.30 വരെ കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ആദ്യ പരിപാടി നടക്കും. പകല്‍ രണ്ടു മുതല്‍ നാലു വരെ  കുന്നത്തൂര്‍ താലൂക്ക് ഓഫീസ്, 13നു പകല്‍  10.30 മുതല്‍ 12.30 വരെ കൊട്ടാരക്കര താലൂക്ക് ഓഫീസ്, രണ്ടു മുതല്‍ നാലു വരെ കടയ്ക്കല്‍, 14നു പകല്‍  10.30 മുതല്‍ 12.30 വരെ  കൊല്ലം കലക്ടറേറ്റ്,  രണ്ടു മുതല്‍ നാലു വരെ  പുനലൂര്‍ താലൂക്ക് ഓഫീസ്, വൈകിട്ട് നാലു മുതല്‍ ആറുവരെ  പത്തനാപുരം താലൂക്ക് ഓഫീസ് എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ ധനസമാഹരണ പരിപാടിയുടെ സമയക്രമം. ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ  പഞ്ചായത്ത് കമ്മിറ്റികളുടെയും അടിയന്തര യോഗം ശനിയാഴ്ച നടത്തണമെന്നും അതത് പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാരെയും സഹകരണ ബാങ്ക്  പ്രസിഡന്റുമാരെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംഭാവന നല്‍കാന്‍ സന്നദ്ധതയുള്ളവരുടെ പട്ടിക യോഗത്തില്‍ തയ്യാറാക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ പട്ടിക പ്രകാരം വ്യക്തികളെയും സ്ഥാപനങ്ങളെയും നേരില്‍ സമീപിച്ച് സംഭാവന സ്വീകരിക്കുകയും ചെയ്യണം. ഇങ്ങനെ ലഭിക്കുന്ന തുക അതത് താലൂക്ക് കേന്ദ്രങ്ങളില്‍ മന്ത്രിക്കു കൈമാറണം. വ്യക്തികള്‍ക്ക്  നേരിട്ടും സംഭാവന  മന്ത്രിക്കു നല്‍കാം. പഞ്ചായത്ത് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസില്‍ തുക സ്വീകരിച്ച് രസീത് നല്‍കാനും ക്രമീകരണമുണ്ടാകണം. ഇങ്ങനെ സ്വീകരിക്കുന്ന പണവും താലൂക്ക് കേന്ദ്രത്തില്‍ മന്ത്രിക്കു നല്‍കണം. താലൂക്ക് കേന്ദ്രങ്ങളില്‍ തുക കൈമാറാന്‍ കഴിയാത്തവര്‍ക്ക്  15ന് കലക്ടറേറ്റില്‍ മന്ത്രിക്ക് പണം കൈമാറാന്‍   പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും.  പഞ്ചായത്ത് മേഖലകളിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്ത്വത്തില്‍ വിളിച്ചുചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കണം. സംഭാവന സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ   പങ്കാളിത്തവും ഉറപ്പാക്കാം. പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന സംഭാവന താലൂക്ക് കേന്ദ്രങ്ങളില്‍ മന്ത്രിക്ക് നേരിട്ടു  കൈമാറണം. പഞ്ചായത്തുകളില്‍ സ്വീകരിക്കുന്ന തുക അതത് താലൂക്ക് കേന്ദ്രങ്ങളില്‍   നിശ്ചയിച്ച തീയതികളില്‍ ചെക്കായോ ഡിഡിയായോ എത്തിക്കണം. Read on deshabhimani.com

Related News