ക്ഷേമനിധി ബോർഡുകളെ സംയോജിപ്പിച്ച് ശാക്തീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

ഉന്നതവിജയം നേടിയ ചുമട്ടുതൊഴിലാളികളുടെ മക്കൾക്ക് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ‌് സ്വർണപ്പതക്കം നൽകുന്ന ചടങ്ങ് മന്ത്രി ടി പി രാമകൃഷ‌്ണൻ ഉദ്‌ഘാടനംെചയ്യുന്നു


കൊച്ചി സമാനസ്വാഭാവമുള്ള ക്ഷേമനിധി ബോർഡുകളെ അംഗത്വത്തിന്റെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തിൽ സംയോജിപ്പിച്ച് ശാക്തീകരിക്കുമെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ക്ഷേമപദ്ധതികൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ക്ഷേമാനുകൂല്യം വർധിപ്പിക്കും. ആരോഗ്യം, പാർപ്പിടം തുടങ്ങിയ മേഖലകളിലെ ആനുകൂല്യം ഉറപ്പുവരുത്തി ക്ഷേമപദ്ധതികൾ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിജയം നേടിയ ചുമട്ടുതൊഴിലാളികളുടെ മക്കൾക്ക് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ‌് സ്വർണപ്പതക്കം നൽകുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ നഷ്ടപ്പെടുകയും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. എന്നാൽ തൊഴിലും തൊഴിലാളികളുടെ അവകാശസംരക്ഷണവും സാമൂഹികസുരക്ഷയും ഉറപ്പാക്കി കേരളം രാജ്യത്തിന് മാതൃകയാവുകയാണ്. തൊഴിലാളിപക്ഷ ബദൽ നയങ്ങളാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിൽ കൂടുതൽ മിനിമം വേതനമുള്ള സംസ്ഥാനം കേരളമാണ്. തൊഴിൽരംഗത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ ഇടതുപക്ഷ സർക്കാരിന് കേരളത്തിൽ സംതൃപ്തമായ തൊഴിൽ സാഹചര്യമൊരുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ കോലാഹലം സൃഷ്ടിച്ച് സാധാരണക്കാരെ കബളിപ്പിക്കുന്ന നയമല്ല ഇടതുപക്ഷ സർക്കാരിന്റേത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് രണ്ടു വർഷത്തിനിടെ 2, 34, 899 പേർക്കായി 423 കോടി രൂപ വിതരണം ചെയ്തു.  ആനുകൂല്യങ്ങൾക്കായി എല്ലാ രേഖകളുംസഹിതം ഓൺലൈൻ അപേക്ഷ നൽകിയാൽ 100 മണിക്കൂറിനുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിൽ ആനുകൂല്യമെത്തും. തൊഴിലാളികളുടെ ക്ഷേമത്തിനായി ശക്തമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. മെയ് ഒന്നുമുതൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിച്ചു. എന്നാൽ ഇതിന്റെ മറവിൽ അർഹമായ തൊഴിൽനിഷേധിക്കുന്നത് ശരിയല്ല. ഇതുസംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ലേബർ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.    ഉന്നതവിജയം നേടിയവ  116 വിദ്യാർഥികളെ  സ്വർണപ്പതക്കവും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. ഇന്ത്യൻ വോളിബോൾ അണ്ടർ 19 ടീമിലേക്ക് യോഗ്യത നേടുകയും ഈ മാസം ഇറാനിൽ നടന്ന ഏഷ്യൻ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുകയുംചെയ്ത അഭിഷേകിന് 5001 രൂപയും മൊമെന്റോയും സമ്മാനമായി നൽകി. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവും അഡീഷണൽ നിയമ സെക്രട്ടറിയുമായ എസ് ഷൈജ, ലേബർ കമീഷണർ എ അലക്സാണ്ടർ, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വി രാജപ്പൻ, തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡി ലാൽ, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി എ മുഹമ്മദ് ഹുസൈൻ, ബോർഡ് അംഗങ്ങളായ വർക്കല കഹാർ, പി എ എം ഇബ്രാഹിം, എം മുസ്തഫ, ബിന്നി ഇമ്മട്ടി, സി കുഞ്ഞാതുകോയ, കെ വേലു, പി വി ഹംസ, കമലാലയം സുകു, ഹയർഗ്രേഡ് അക്കൗണ്ട്സ് ഓഫീസർ എസ് മിനി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News