ജലന്ധർ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണംകുറവിലങ്ങാട് കത്തോലിക്കാസഭ ജലന്ധർ രൂപതാ ബിഷപ്പിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വാഹനാപകടത്തിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കന്യാസ്ത്രീ നൽകിയ പരാതിയിന്മേൽ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കന്യാസ്ത്രീ അന്തേവാസിയായ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ ഉപയോഗിച്ചാണ് കൊലപ്പെടുത്താൻ നീക്കം നടത്തിയതെന്നാണ് ആരോപണം. ചൊവ്വാഴ്ചയാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴിലെ വൈദികനായ ഫാ. ലോറൻസ് ചിറ്റൂപ്പറമ്പിലിന്റെ സഹോദരൻ തോമസ് ചിറ്റൂപ്പറമ്പനെതിരെയാണ് പരാതി. വർഷങ്ങളായി മഠത്തിൽ ജോലി നോക്കുന്ന അസം സ്വദേശിയായ പിറ്റുവിന്റെ മൊബൈൽഫോണിലേക്ക് വിളിച്ച തോമസ് വാഹനാപകടത്തിലൂടെ കന്യാസ്ത്രീയെ കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്രെ. മഠത്തിന് വെളിയിലേക്ക് കന്യാസ്ത്രീ പോകുമ്പോൾ തന്നെ അറിയിക്കണമെന്നും ഇവർ ഉപയോഗിക്കുന്ന ആക്ടീവ സ്കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കണമെന്നും ടയറിന്റെ വാൽട്യൂബ് അഴിച്ചുവിടണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം പിറ്റു തന്നോട് വെളിപ്പെടുത്തിയെന്നാണ് കന്യാസ്ത്രീ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 45 ദിവസം മുമ്പാണ‌് പിറ്റുവിനെ തോമസ് ഫോണിൽ ബന്ധപ്പെട്ടതെന്നും പറയുന്നു. പിറ്റുവിന്റെ ഫോണിലേക്ക് വന്ന കോളുകൾ പൊലീസ് സൈബർവിഭാഗം പരിശോധിച്ചുവരികയാണെന്നും പരാതിയിൽ കഴമ്പുണ്ടെങ്കിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷിക്കുമെന്നും കുറവിലങ്ങാട് എസ്ഐ പറഞ്ഞു. Read on deshabhimani.com

Related News