അധികൃതരുടെ അനാസ്ഥ: എംജി മൂല്യനിർണയ ക്യാമ്പ് മുടങ്ങിപത്തനംതിട്ട എംജി സർവകലാശാലയുടെ പിജി നാലാം സെമസ്റ്റർ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് അധികൃതരുടെ അനാസ്ഥമൂലം മുടങ്ങി. എല്ലാ വിഷയങ്ങളുടെയും ക്യാമ്പ് തിരുവല്ല മാർത്തോമ്മാ കോളേജിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ അധ്യാപകർ എത്തിയെങ്കിലും ക്യാമ്പിനുവേണ്ട ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഉച്ചവരെ നോക്കിയിരുന്ന് അധ്യാപകർ മടങ്ങിപ്പോയി. രണ്ട് ക്ലാർക്കുമാരും ഒരു ഓഫീസറും മാത്രമാണ് സർവകലാശാലയുടെ ഭാഗത്തുനിന്ന് എത്തിയത്. ഉത്തരക്കടലാസ് കൊടുക്കാൻ ആളില്ല, ഉത്തരസൂചിക ഇല്ല എന്ന അവസ്ഥയായിരുന്നു. അധ്യാപകർ ഒരാഴ്ചയായി പ്രാക്ടിക്കൽ, വൈവാവോസി, പ്രോജക്ട് വാല്യുവേഷൻ എന്നിവയുടെ തിരക്കിലായിരുന്നു. കൊമേഴ്സിന്റെ വൈവാവോസി വെള്ളിയാഴ്ച വരെ ഉണ്ടായിരുന്നു. മൂല്യനിർണയ ക്യാമ്പ് തിങ്കളാഴ്ച മുതൽ മതിയെന്ന് സിൻഡിക്കറ്റിലെ എകെപിസിടിഎയുടെ നാല് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പരീക്ഷയുടെ ചുമതലക്കാരൻ തന്നിഷ്ടപ്രകാരം വെള്ളിയാഴ്ച മുതൽ ക്യാമ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. എല്ലാ വിഷയങ്ങളുടെയും ക്യാമ്പ് നിശ്ചയിച്ചിട്ടും ഉത്തരവാദിത്വപ്പെട്ടവർ ആരും എത്താത്ത സർവകലാശാലയുടെ നിരുത്തരവാദപരമായ നടപടിയിൽ എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. പി എൻ ഹരികുമാർ പ്രതിഷേധിച്ചു. Read on deshabhimani.com

Related News