'ജീവിക്കാന്‍ വേണ്ടിയാണ് മീന്‍വില്‍ക്കുന്നത്, ഏഴാം ക്ലാസ്‌മുതല്‍ ജോലിചെയ്‌ത് തുടങ്ങിയതാണ്'; ജീവിക്കാന്‍ അനുവദിക്കണമെന്നും ഹനാന്‍കൊച്ചി > മീന്‍ വില്‍പ്പന നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെന്ന പത്രവാര്‍ത്തയിലൂടെ സോഷ്യല്‍മീഡിയയില്‍ പ്രകീര്‍ത്തിക്കപ്പെടുകയും പിന്നീട് അപവാദപ്രചരണത്തിനിരയാകുകയും ചെയ്‌ത ഹനാന്‍ പ്രതികരണവുമായി രംഗത്ത്. താന്‍ മീന്‍വില്‍ക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണെന്നും അപവാദപ്രചരണങ്ങള്‍ നടത്തി ഉപദ്രവിക്കരുതന്നെും ഹനാന്‍ പറഞ്ഞു. കൊച്ചിയില്‍ മീന്‍വില്‍പ്പന നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ സിനിമയുടെ പ്രചരണത്തിനുവേണ്ടി വേഷമിട്ടതാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളേജിന്റെ ഡയറക്ടര്‍ പൈജാസ് മൂസയ്ക്കൊപ്പം ഹനാന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തത്. 'ഏഴാം ക്ലാസ് മുതല്‍ മുത്തുമാല കോര്‍ത്തും ട്യൂഷനെടുത്തും നാടകത്തിലഭിനയിച്ചും ചെറിയ ഡബ്ബിംഗുകള്‍ ചെയ്‌തും പരിചയമുള്ളവര്‍വഴി ആങ്കറിംഗ് ചെയ്‌തുമൊക്കെയാണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. ഫേസ്‌‌‌ബുക്കില്‍ കാണുന്ന ഫോട്ടോസ് കോസ്റ്റിയൂംസിലുള്ളതാണ്. സാധാകരണകുട്ടികള്‍ ചെയ്യുന്നതു പോലെ തന്നെ ഡബ്‌‌‌‌സ്‌മാഷൊക്കെ ചെയ്‌തിട്ടുണ്ട്. ഓരോദിവസും ഈവന്റ് മാനേജ്‌മെന്റിന്റെ വര്‍ക്ക് ചെയ്‌ത് നേടിയ പണം കൊണ്ടു വാങ്ങിയ മോതിരമാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാട്ടുന്നത്. തൃശൂരും കോഴിക്കോടും കേരളത്തിന് പുറത്തും പല സ്ഥലങ്ങളിലും ജോലി ചെയ്‌ത പണമാണ്. അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് മോതിരം വാങ്ങിയത്. പിന്നെയും സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ പറ്റാതായപ്പോള്‍ കളമശേരി പൈപ്പ്‌ലൈന്‍ ഭാഗത്താണ് ആദ്യം മത്സ്യവില്‍പന നടത്തിയിരുന്നത്. അവിടെ പലരും സഹായിച്ചിരുന്നു. ഒരുമാസം കാളമുക്ക്, വരാപ്പുഴ, ചമ്പക്കര, ഇവിടൊക്കെ രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് ബാബു ചേട്ടന്‍ എന്നയാളുടെ കൂടെ വണ്ടിയില്‍ പോയി മീനെടുത്തിട്ടാണ് 7.51ന് കാക്കനാടുനിന്ന് പുറപ്പെടുന്ന തൊടുപുഴയിലെ കോളേജിലെത്തിയിരുന്നത്. പക്ഷേ കൂടെയുണ്ടായിരുന്ന മറ്റൊരാളുടെ മോശംപെരുമാറ്റം കാരണം അവിടുന്ന് മാറി. കഴിഞ്ഞ ഞായറാഴ്‌‌‌ച്ചയാണ് തമ്മനത്ത് കച്ചവടം ചെയ്യാന്‍ പറ്റുമോന്ന് അന്വേഷിച്ചത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ഈ മൂന്ന് ദിവസങ്ങളിലാണ് അവിടെ കച്ചവടം ചെയ്‌തത്. രണ്ട് മാസം മുന്‍പ് ഇയര്‍ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. അഞ്ച് വര്‍ഷമായി നടുവേദനയ്‌‌‌ക്ക് ചികിത്സിക്കുകയാണ്. പല ബുദ്ധിമുട്ടുകള്‍ക്കിടയിലും ആരോടും കൈനീട്ടേണ്ടി വന്നിട്ടില്ല. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. സിനിമയില്‍ അവസരം കിട്ടാനും കുറേ നടന്നിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ്. ട്രോളും മറ്റും ഇറക്കി തനിക്ക് വൈറലാകേണ്ട. സോഷ്യല്‍ മീഡിയയിലൂടെ അക്രമിച്ച് തന്റെ ജീവിതം നശിപ്പിക്കരുതെന്നും ഹനാന്‍ അഭ്യര്‍ഥിക്കുന്നു. മൂന്നു വര്‍ഷത്തോളമായി കോളേജില്‍ പഠിക്കുന്ന ഹനാനെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് ഡയറക്ടറും അധ്യാപകരും അടക്കമുള്ളവര്‍ പറയുന്നു. ജീവിക്കാനായി പെണ്‍കുട്ടി നിരവധി ജോലികള്‍ ചെയ്തിരുന്നതായും ഫീസടയ്ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നതായും നേരിട്ട് അറിയാം. അസുഖം മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അധ്യാപകര്‍ അടക്കമുള്ളവരാണ് ഹനാന് സഹായം നല്‍കിയിരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ഹനാന് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹനാന്‍ പഠിക്കുന്ന കോളേജിന്റെ പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു. ഹനാന് മറ്റു വരുമാനമാര്‍ഗങ്ങളില്ല. പെണ്‍കുട്ടിയുടെ രോഗത്തെക്കുറിച്ച് അറിവുള്ളതാണ്. കോളേജില്‍ ഫീസടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. കുട്ടിയുടേത് മോശം സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.   Read on deshabhimani.com

Related News