ഈ വർഷം കാൽലക്ഷം ഹെക്ടറിൽ കൂടി നെൽകൃഷി വ്യാപിപ്പിക്കുംതൃശൂർ സംസ്ഥാനത്ത് നെല്ലുൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും സംരംഭങ്ങൾക്ക് വൻ പുരോഗതി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് 1,96,000 ഹെക്ടർ നെൽവയൽ ഉണ്ടായിരുന്നത് 2017‐18ൽ 2,20,450 ഹെക്ടറായി വർധിച്ചു, പുതിയ കാർഷിക വർഷം ചിങ്ങം ഒന്നിന് ആരംഭിക്കാനിരിക്കെ ഈ വർഷം 25,000ഓളം ഹെക്ടറിൽ കൂടി നെൽകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പു വൃത്തങ്ങൾ 'ദേശാഭിമാനി'യോടു പറഞ്ഞു. 2015‐16ൽ സംസ്ഥാനത്ത് 1,96,870 ഹെക്ടർ സ്ഥലത്തു നിന്ന് 5,49, 225 ടൺ അരിയാണ് ഉൽപ്പാദിപ്പിച്ചത്. ഉൽപ്പാദന ക്ഷമത ഹെക്ടറിന് 2,790 കിലോ ആയിരുന്നു. 2016‐17ൽ കടുത്ത വരൾച്ച മൂലം പാലക്കാട് പോലുള്ള നിരവധി സ്ഥലങ്ങളിൽ കൃഷിയിറക്കാനായില്ല. അതിനാൽ നേരിയ ഉൽപ്പാദന വർധനയേ ഉണ്ടായുള്ളൂ.  എന്നാൽ 2017‐18 കൃഷിവകുപ്പിന്റെ ആഭിമഖ്യത്തിൽ നെൽവർഷമായി ആചരിച്ച് കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനുള്ള കർമപദ്ധതികൾക്ക് തുടക്കം കുറിച്ചു. തരിശായി കിടന്ന ആയിരക്കണക്കിന് ഏക്കർ നിലങ്ങളിലേക്കു കൂടി നെൽകൃഷി വ്യാപിപ്പിച്ചു. നെൽവയൽ, തണ്ണീർതട സംരക്ഷണ നിയമത്തിൽ യുഡിഎഫ് സർക്കാർ വെള്ളം ചേർത്ത് നിരവധി നെൽവയലുകൾ നികത്തിയപ്പോൾ നിയമം കർശനമായി നടപ്പാക്കാനായിരുന്നു എൽഡിഎഫ് സർക്കാർ തീരുമാനം. ഒരിഞ്ച്് നെൽവയൽ പോലും നികത്തിയില്ലെന്നു മാത്രമല്ല, കൃഷിചെയ്യാതെ കിടന്ന പാടങ്ങളിൽ കൂടി നെൽകൃഷിയിറക്കാൻ തുടങ്ങി. തുടർന്നാണ് നെൽകൃഷി ഇറക്കുന്ന ഭൂമിയുടെ വിസ‌്തീർണം  2,20, 450 ഹെക്ടറായി വർധിച്ചത്. ഉൽപ്പാദനം 6,17,260 ലക്ഷം ടൺ അരിയായും ഉൽപ്പാദന ക്ഷമത ഹെക്ടറിന് 2800 കിലോയായും ഉയർന്നു. വിപുലമായ ജനകീയ കൂട്ടായ്മയുടെ കൂടി ഫലമാണ് ഈ നേട്ടം. കൃഷിവകുപ്പ് കൂടാതെ  കർഷകർ, കർഷക പ്രസ്ഥാനങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയെല്ലാം സർക്കാർ സംരംഭത്തോട് സഹകരിച്ചു. ഇതേത്തുടർന്ന് നെൽകൃഷിയടത്തിന്റെ വിസ്തീർണം വർധിച്ചുകൊണ്ടിരിക്കയാണ്. 2018‐19ൽ നെൽകൃഷിയിടത്തിന്റെ വിസ്തീർണം രണ്ടര ലക്ഷം ഹെക്ടറോളമായി ഉയർത്താനാണ് ലക്ഷ്യം. ഉൽപ്പാദനം ആറര ലക്ഷത്തിൽപ്പരം ടൺ അരിയാക്കാനും ലക്ഷ്യമിടുന്നു. എൽഡിഎഫ് സർക്കാർ അഞ്ചു വർഷം തികയ‌്ക്കുമ്പോൾ നെൽകൃഷിയിടത്തിന്റെ വിസ്തീർണം മൂന്നു ലക്ഷമാക്കാനാണ് ലക്ഷ്യം. ഇതിലേക്ക് സംസ്ഥാനം അതിവേഗം മുന്നേറുകയാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. നെൽകൃഷിയിൽ മാത്രമല്ല, നാളികേരം ഉൾപ്പെടെ മറ്റു കാർഷിക വിഭവങ്ങളുടെ ഉൽപ്പാദനത്തിലും വൻ വർധനയുണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News