നൊമ്പരവട്ടത്തിൽ ഒരുമയുടെ ക്യാമ്പ‌് ഓണംകൊച്ചി സ‌്കൂൾമുറ്റത്ത‌് പൂവിട്ട‌്  പാട്ടും കളികളുമായി അതിജീവനത്തിന്റെ ഓണക്കാലം പിന്നിടുകയാണ‌്  ദുരിതാശ്വാസ ക്യാമ്പുകൾ. എട്ടുകൂട്ടം കറികളും അടപ്രഥമനുംകൂട്ടി എഴുപത്തിരണ്ടുകാരി സാവിത്രിയും പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ‌്കൂളിൽ നാട്ടുകാർക്കൊപ്പം ഓണം ആഘോഷിച്ചു. ഇതിനുമുമ്പ‌് ഒരിക്കലും ഇത്ര ഒരുമയോടെ സാവിത്രിയമ്മ ഓണം ആഘോഷിച്ചിട്ടില്ല. വെള്ളം വന്ന‌്  ആകെയുണ്ടായിരുന്ന ഒന്നരസെന്റിലെ കൂര മൂടിപ്പോയതൊക്കെ തൽക്കാലം  മറക്കാൻ ശ്രമിക്കുകയാണ‌് അവർ. ഭർത്താവും മക്കളും ഇല്ലാത്തതിനാൽ ചേന്ദമംഗലം വടക്കുംപുറത്ത‌് കോട്ടയത്ത‌് വീട്ടിൽ അനുജത്തിക്കൊപ്പമായിരുന്നു താമസം. ബാല്യത്തിലും  യൗവ്വനത്തിലും പൂ പറിക്കാൻ പോയതും അത്തം മുതൽ പത്തുദിവസം പൂവിട്ടതുമൊക്കെ സാവിത്രയമ്മ ഓർമിച്ചു.  ആമവാതം വന്ന‌് വളഞ്ഞ കൈകാലുകൾ കാണിച്ച‌് സാവിത്രയമ്മ തുടർന്നു. ‘ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെ ഒരു ഓണം... സമ്പാദ്യം എല്ലാം പോയെങ്കിലും ഈ ഒരുമയിൽ സന്തോഷമുണ്ട‌്. നമ്മൾ എല്ലാവരും ചേർന്നാൽ ഇതൊക്കെ അതിജീവിക്കും... തീർച്ച.’ വർഷങ്ങളോളം നിലത്തെഴുത്ത‌് ആശാട്ടിയായിരുന്നു സാവിത്രിയമ്മ. 10 മാസം പ്രായമായ കാശിനാഥൻ ജീവിതത്തിലെ ആദ്യ ഓണം ആഘോഷിക്കുന്നതും ശ്രീനാരായണ സ‌്കൂളിലെ ക്യാമ്പിലാണ‌്. ആയിരത്തിലധികം കുടുംബങ്ങൾ പാർക്കുന്ന ക്യാമ്പിൽ ഒരുക്കിയത‌് മൂവായിരത്തിൽ അധികം പേർക്ക‌് കഴിക്കാനുള്ള സദ്യ. ക്യാമ്പിൽ തന്നെയുള്ള കാറ്ററിങ‌് തൊഴിലാളികളായ വിജയനും ബൈജുവും ചേർന്ന‌് സദ്യ തയ്യാറാക്കി. ക്യാമ്പിലെ അന്തേവാസികളുടെ സഹായം കൂടി ചേർന്നതിനാലാണ‌് സദ്യ നന്നായതെന്ന‌് ഇരുവരും പറഞ്ഞു. പറവൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ കലക‌്ടർ മുഹമ്മദ‌് വൈ സഫീറുള്ളയും ഭാര്യ ആസിയ യാസിമും ഓണ സദ്യ ഉണ്ണാൻ എത്തിയിരുന്നു. പറവൂരിലെ അഞ്ച‌് ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങൾക്ക‌ായി ‘സിനിമാക്കൂട്ടം’ പ്രവർത്തകരാണ‌് സദ്യ വട്ടം ഒരുക്കിയത‌്. വൈകിട്ട‌് അഞ്ചിന‌് ഇവർ  അംബേദ‌്കർ സ‌്റ്റേഡിയത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിനോദ‌് കെടാമംഗലത്തിന്റെ നേതൃത്വത്തിൽ 25 ഓളം സിനിമാ സീരിയൽ പ്രവർത്തകരാണ‌് പരിപാടികൾ അവതരിപ്പിച്ചത‌്. Read on deshabhimani.com

Related News