ഡിവൈഎഫ‌്ഐ യൂത്ത് ബ്രിഗേഡ‌് 1200 ലേറെ വീടുകൾ ശുചിയാക്കികൊച്ചി > പ്രളയദുരിതത്തിൽനിന്ന‌് നാടിനെ കരകയറ്റാനായി കൈമെയ‌് മറന്ന‌് നാടിന്റെ യുവത്വം.  ഡിവൈഎഫ‌്ഐ യൂത്ത‌് ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ശുചീകരണപ്രവർത്തനം വെള്ളിയാഴ‌്ചയും ജില്ലയിൽ തുടർന്നു. 1200 ലേറെ വീടുകളാണ‌് വെള്ളിയാഴ‌്ചമാത്രം ശുചിയാക്കിയത‌്. ചരിത്രമുറങ്ങുന്ന ആലുവ അദ്വൈതാശ്രമവും പരിസരവും  ശുചിയാക്കി. ഇതിനായി 25 പ്രവർത്തകരെ  പ്രത്യേകമായി നിയോഗിച്ചു. മൂത്തകുന്നം ഗവ. ആശുപത്രി, കാലടി കൃഷിഭവൻ, സത്താർ ഐലൻഡ‌്, പാണിയേലി പമ്പ‌്ഹൗസ്, അങ്കണവാടികൾ എന്നിവയും ശുചീകരിച്ചു.   തിരുവോണദിനത്തിലും യൂത്ത‌്  ബ്രിഗേഡിന‌് വിശ്രമമില്ല. ശനിയാഴ‌്ചയും പ്രവർത്തകർ കർമനിരതരായിരിക്കുമെന്ന‌്   ജില്ലാ സെക്രട്ടറി അഡ്വ. കെ എസ‌് അരുൺകുമാർ പറഞ്ഞു. പ്രളയത്തിൽ ചത്തൊടുങ്ങിയ കന്നുകാലികളെ പരിസരമലിനീകരണം ഉണ്ടാകാത്തവിധം  സംസ‌്കരിക്കാനും യൂത്ത‌് ബ്രിഗേഡ‌് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട‌്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ‌്ചമാത്രം ഇരുപത്തിയഞ്ചോളം കന്നുകാലികളുടെ മൃതശരീരങ്ങളാണ‌് സംസ‌്കരിച്ചത‌്. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളും യൂത്ത‌്ബ്രിഗേഡുമായി സഹകരിക്കുന്നുണ്ട‌്. കണ്ണൂരിൽനിന്നുള്ള 700 പേർ ആലുവയിലും  കാസർകോടുനിന്നും വന്ന 300 പേർ അങ്കമാലി, നെടുമ്പാശേരി, ആലങ്ങാട‌് എന്നിവിടങ്ങളിലും പാലക്കാടുനിന്നുള്ള 500 പേർ പറവൂരിലും ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടു. ആകെ ആറായിരത്തിലധികം  ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ് ചൊവ്വാഴ്ചമുതൽ  ജില്ലയിലെ ദുരിതബാധിത മേഖലയിൽ എത്തി ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഇതുകൂടാതെ കണ്ണൂരിൽനിന്ന‌് 1000  പ്രവർത്തകർ തിങ്കളാഴ‌്ച ജില്ലയിലെത്തും. ഇവരിൽ ഇരുന്നൂറോളം പേർ ഇലക‌്ട്രീഷ്യൻമാരും പ്ലംബർമാരുമാണ‌്. വീടുകളിലെ വൈദ്യുതിസംവിധാനത്തിലും പൈപ്പുകളിലുമുണ്ടായ കേടുപാടുകൾ ഇവർ പരിഹരിക്കും. കേന്ദ്ര കമ്മിറ്റിയംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ, ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ബി രതീഷ്,  എ ഡി സുജിൽ,  എ പി പ്രനിൽ,  കെ വി അനിൽകുമാർ, സജി ജോർജ‌്,  ആർ അനീഷ് എന്നിവരുടെ  നേതൃത്വത്തിലാണ‌് ശുചീകരണം.  ഇതിനുവേണ്ട ഉപകരണങ്ങളും ബ്ലീച്ചിങ് പൗഡറും ലോഷനുകളും ആയിട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തുന്നത‌്.  28 വരെ ഓരോ മേഖലാ കമ്മിറ്റിയിൽനിന്നും 50 പ്രവർത്തകർവീതം  തീവ്ര ശുചീകരണപരിപാടിയിൽ ഏർപ്പെടും.   Read on deshabhimani.com

Related News