ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക്‌ മോഹൻലാലിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല: എ കെ ബാലൻതിരുവനന്തപുരം > സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലേക്ക്‌ നടന്‍ മോഹന്‍ലാലിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കുമെന്ന്‌ ചില മാധ്യമങ്ങൾ വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച സാംസ്‌കാരിക വകുപ്പ്‌ മന്ത്രി വിവാദം എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനമാണെന്നും കമല്‍ വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. ‘ എന്നെ ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്.’നിലവില്‍ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പറയുകയെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. സിനിമാ സാംസ്‌കാരിക രംഗത്തുള്ള 107 പേരാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കിയത്. എന്നാൽ ഈ പട്ടികയിൽ ഉണ്ടായിരുന്ന നടൻ പ്രകാശ്‌ രാജ്‌ താൻ ഇതിൽ ഒപ്പിട്ടിട്ടില്ലെന്ന്‌ പിന്നീട്‌ വ്യക്തമാക്കി.    Read on deshabhimani.com

Related News