‘പോയതൊക്കെ നമുക്കു തിരിച്ചുപിടിക്കാം’ ; പ്രതീക്ഷപകർന്ന‌് മന്ത്രി ക്യാമ്പിൽകൊച്ചി ‘'മനഃപ്രയാസപ്പെട്ട് അസുഖങ്ങളൊന്നും വരുത്തിവയ‌്ക്കരുത്... പോയതൊക്കെ നമുക്കു തിരിച്ചുപിടിക്കാം... ’’പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പി‌ലേക്കെത്തിയ ആരോ​ഗ്യമന്ത്രി കെ കെ ശൈലജയുടെ വാക്കുകളാണിവ. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന ജീവിതങ്ങൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതായിരുന്നു മന്ത്രിയുടെ സന്ദർശനം.  ക്യാമ്പ് കോ‐ഓർഡിനേറ്റർമാരെ കണ്ടശേഷം ക്യാമ്പിലേക്ക് ബുധനാഴ്ചയെത്തിയ സാവിത്രിയമ്മയ്ക്കടുത്തേക്കാണ‌് മന്ത്രി എത്തിയത‌്. കിടക്കാൻ പായ കിട്ടിയിട്ടില്ലെന്ന് സാവിത്രിയമ്മ പറഞ്ഞപ്പോൾ, പായ സാവിത്രിയമ്മയുടെ റൂമിൽ ഉടനടി കൊണ്ടുവന്നുതരുമെന്ന് മന്ത്രി ആശ്വസിപ്പിച്ചു. ക്യാമ്പിലെ ഓരോ മുറിയും കയറിയിറങ്ങി പരിശോധിച്ചു. എല്ലാവരും ഒരു കുടുംബംപോലെ കഴിയണമെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ കോ‐ഓർഡിനേറ്റർമാരെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. അസുഖങ്ങളെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കരുതൽവേണമെന്നും മന്ത്രി നിർദേശം നൽകി. ഇതിനിടെ,  മാനസികവെല്ലുവിളി നേരിടുന്ന അമലിന്റെ അടുത്ത് ചെന്നപ്പോൾ ‘ടീച്ചറാട്ടോ...' എന്നുപറഞ്ഞ് താലോടാനും മന്ത്രി സമയം കണ്ടെത്തി. ‌പ്രളയത്തിനുശേഷമുള്ള  പറവൂരിലെ സാഹചര്യം വിലയിരുത്താൻ  പറവൂർ താലൂക്ക് ഓഫീസിൽ ചേർന്ന യോ​ഗത്തിനുശേഷമാണ് മന്ത്രി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെത്തിയത്. അപ്പോഴേക്കും രണ്ടുമണിക്കൂറത്തെ സേവനത്തിനുശേഷം വയോമിത്രം മെഡിക്കൽ സംഘം മറ്റ് ക്യാമ്പുകളിലേക്ക് പോയിരുന്നു. സ്വകാര്യ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും ഉടനടി സർക്കാർ ഡോക്ടർമാരുടെ സേവനം ക്യാ‌മ്പിൽ ലഭ്യമാക്കാൻ മന്ത്രി ഡിഎംഒയ‌്ക്ക‌് നിർദേശം നൽകി. Read on deshabhimani.com

Related News