മുഖ്യമന്ത്രി മുന്‍ ചീഫ് സെക്രട്ടറിമാരുടെ അഭിപ്രായം തേടിതിരുവനന്തപുരം പ്രളയത്തെതുടർന്ന് സംസ്ഥാനത്തെ അടിയന്തരമായി പുനർനിർമിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ മുൻചീഫ‌് സെക്രട്ടറിമാരുടെ യോഗം വിളിച്ച‌്  അഭിപ്രായംതേടി. സ്വകാര്യമേഖലയുടെകൂടി സഹകരണത്തോടെ പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങനെ ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്നും ആവശ്യമായ ധനം എങ്ങനെ സമാഹരിക്കാമെന്നും ചർച്ചചെയ്തു. യോഗത്തിലെ നിർദേശങ്ങൾ ക്രോഡീകരിച്ച്  റിപ്പോർട്ട‌് സമർപ്പിക്കാൻ മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിനെ ചുമതലപ്പെടുത്തി. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്  പുനർനിർമാണ ഫണ്ട് സമാഹരിക്കാനുള്ള നടപടികളെപ്പറ്റി ആലോചിക്കാമെന്ന‌് യോഗത്തിൽ അഭിപ്രായമുയർന്നു. ഇതിനായി ഏതെങ്കിലും ധനസ്ഥാപനത്തെ നോഡൽ ഏജൻസിയായി ചുമതലപ്പെടുത്തി 5000 കോടി രൂപ സോഫ്റ്റ് വായ‌്പയായി സമാഹരിക്കാം. വായ‌്പകൾക്ക്  അഞ്ചുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യാം. പുനരധിവാസത്തിനു മുന്നോടിയായി അടിയന്തരമായി ചെയ്യേണ്ടത് ശുചീകരണമാണ‌്. അഞ്ചടിയോളം ചെളി വീടുകളിൽ അടിഞ്ഞുകൂടിയെന്നാണ‌് കണക്ക‌്. എല്ലാ മനുഷ്യവിഭവശേഷിയും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തണം. വേസ്റ്റ് മാനേജ്‌മെന്റ് വിഷയത്തിൽ നേതൃപരമായ തീരുമാനം ഉണ്ടാകണം. ശുദ്ധജലവിതരണം അവതാളത്തിലാകുന്നത‌് തടയാൻ വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകൾ റീ ലൊക്കേറ്റ് ചെയ്യണം. നിർമാണപ്രവർത്തനം കാര്യക്ഷമമാക്കാൻ എംപവേഡ് ക്യാബിനറ്റ് കമ്മിറ്റി രൂപീകരിക്കണം. മൂന്നോ നാലോ മന്ത്രിമാരുടെ തീരുമാനം ക്യാബിനറ്റിന്റെ മുഴുവൻ തീരുമാനമായി നടപ്പാക്കാൻ കഴിയണം. പ്രളയപ്രതിരോധ സംവിധാനങ്ങൾ സംബന്ധിച്ച് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി, എൻഐടി, ഐഐടി എന്നിവരുടെ നേതൃത്വത്തിൽ പഠനം നടത്തണം. പുനർനിർമാണ പ്രക്രിയകൾക്ക് കോർപറേറ്റുകളുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടുകൾ  ഉപയോഗപ്പെടുത്താം. എഫ്ആർബിഎം പരിധി രണ്ടുശതമാനം ഉയർത്താനാകുമോയെന്ന‌് ആലോചിക്കണം. കൂടുതൽ ഫണ്ട് കണ്ടെത്താൻ റിഹാബിലിറ്റേഷൻ സെസ് പിരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. എംപവേഡ് കമ്മിറ്റി ജില്ലാതലത്തിലും രൂപീകരിക്കണം. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും വേഗത്തിലാക്കണം. ജില്ലയുടെ പദ്ധതികൾ സംസ്ഥാനതലത്തിൽ ആസൂത്രണംചെയ്ത് ജില്ലാതലത്തിൽ നടപ്പാക്കണം. ദീർഘകാല പദ്ധതികൾ നടപ്പാക്കാൻ  കേന്ദ്രഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തണം. വിദേശത്തും മറ്റും പ്രവർത്തിക്കുന്ന വൻകിട സ്ഥാപനങ്ങളെ പുനർനിർമാണപ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തണം. പരമ്പരാഗതരീതിയിലുള്ള പുനർനിർമാണം  പ്രായോഗികമല്ല. ഗവേഷണം, ആസൂത്രണം, നിർവഹണം എന്നിവ ഒരേസമയം നടപ്പാക്കണം. മീഡിയം ടേം, ലോങ് ടേം പ്രവർത്തനങ്ങളാണ് സ്വീകരിക്കേണ്ടത്. നിർമാണപ്രവൃത്തി നിരീക്ഷിക്കാൻ മോണിറ്ററിങ‌് സമിതി വേണം ‐ തുടങ്ങിയ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു. മന്ത്രിമാരായ ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, ഇ ചന്ദ്രശേഖരൻ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ, മുൻ ചീഫ് സെക്രട്ടറിമാരായ സി പി നായർ, ഡി ബാബുപോൾ, കെ എം ചന്ദ്രശേഖരൻ, കെ ജയകുമാർ, ജോൺ മത്തായി, കെ എം എബ്രഹാം, ജിജി തോംസൺ, നളിനി നെറ്റോ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News