ഐസിഎആർ പ്രവേശനപരീക്ഷ റദ്ദാക്കി: ആശങ്കയിൽ മലയാളി വിദ്യാർഥികൾസ്വന്തം ലേഖകൻ കൊച്ചി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) വിവിധ കോഴ‌്സുകളിലേക്കു നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ നടപടി  വിദ്യാർഥികളെ  ആശങ്കയിലാഴ‌്ത്തി. പുനഃപരീക്ഷയ‌്ക്കെങ്കിലും കേരളത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന‌ ആവശ്യമുയർന്നു. ബിരുദ, ബിരുദാനന്തരബിരുദ, പിഎച്ച‌്ഡി കോഴ‌്സുകളിലേക്ക‌് പ്രവേശനത്തിനായി ജൂൺ 22, 23 തീയതികളിൽ നടത്തിയ ഓൺലൈൻ പ്രവേശനപരീക്ഷയാണ‌് നടത്തിപ്പുസംബന്ധമായ കാരണങ്ങളാൽ ഐസിഎആർ റദ്ദാക്കിയത‌്. കേരളത്തിൽനിന്നുള്ള നിരവധി വിദ്യാർഥികൾ എഴുതിയ പരീക്ഷയ‌്ക്ക‌് ആന്ധ്ര, തെലങ്കാന, കർണാടകം, ഒഡിഷ എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. വീണ്ടും ഇവിടങ്ങളിൽ പോയി പരീക്ഷ എഴുതേണ്ടിവരുമെന്ന ആശങ്കയിലാണ‌് വിദ്യാർഥികളും രക്ഷിതാക്കളും. ഇത‌് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന‌് രക്ഷിതാക്കൾ പറയുന്നു. ഹാൾടിക്കറ്റ‌് ലഭിക്കാൻ താമസിച്ചതുമൂലം പരീക്ഷയ‌്ക്ക‌്  വിമാനത്തിൽപ്പോയവരും നിരവധിയാണ‌്. വലിയ തുകയാണ‌് ഇവർ പരീക്ഷയ‌്ക്കായി ചെലവാക്കിയത‌്. സാമ്പത്തികശേഷി കുറഞ്ഞ പലർക്കും പരീക്ഷ എഴുതാനുമായില്ല. ആന്ധ്രയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ 125 കേരളീയർ പരീക്ഷ എഴുതേണ്ടിയിരുന്ന ഹാളിൽ ഒമ്പതു പേർ മാത്രമാണ‌് ഉണ്ടായിരുന്നതെന്ന‌് വിദ്യാർഥികൾ പറയുന്നു. ആദ്യമായാണ‌് ഐസിഎആർ കൃഷി അനുബന്ധ കോഴ‌്സുകളിലേക്ക‌് ഓൺലൈൻ പ്രവേശനപരീക്ഷ നടത്തിയത‌്. നിരവധി വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനാൽ വീണ്ടും പരീക്ഷ നടത്തുമ്പോൾ കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാണ‌് വിദ്യാർഥികളുടെ ആവശ്യം.   Read on deshabhimani.com

Related News