എംബിബിഎസ‌് വായ‌്പാ പരിധി 25 ലക്ഷം ആക്കണമെന്ന‌് ആവശ്യപ്പെടുംതിരുവനന്തപുരം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ‌്പത്തുക പരിധി 25 ലക്ഷമായി ഉയർത്തണമെന്ന‌് ബാങ്കുകളോട‌് വീണ്ടും ആവശ്യപ്പെടുമെന്ന‌് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ‌്സ‌് സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ‌്ത‌് തീരുമാനിക്കുന്നതിന‌് സാമ്പത്തിക ആസൂത്രണവകുപ്പിനോട‌് നിർദേശിച്ചതായും വി ഡി സതീശന്റെ ഉപക്ഷേപത്തിന‌് മറുപടിയായി മന്ത്രി അറിയിച്ചു. 2017‐18ലെ ഫീസ‌് ഘടന സംബന്ധിച്ച‌് അനിശ്ചിതത്വം നിലവിലില്ല. പ്രവേശന, ഫീസ‌് നിയന്ത്രണ സമിതി നിശ്ചയിച്ച ഫീസ‌് ഘടനയ‌്ക്കെതിരെ ചില മാനേജ‌്മെന്റുകൾ ഹൈക്കോടതിയിൽ ഫയൽചെയ‌്ത കേസുകളിൽ സർക്കാർ സത്യവാങ‌്മൂലം സമർപ്പിച്ചിട്ടുണ്ട‌്. ഈ കേസുകളിൽ മുതിർന്ന അഭിഭാഷകരെ സ്വാശ്രയ മാനേജ‌്മെന്റുകൾ നിയോഗിക്കുന്നത‌് ശ്രദ്ധയിൽപെട്ടിട്ടുണ്ട‌്. ഇത‌് പരിഗണിച്ച‌് വിദ്യാർഥികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയിലെ മുതിർന്ന കൗൺസിലിനെ നിയമിക്കുന്നതിന‌് അഡ്വക്കറ്റ‌് ജനറലിന‌് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News