അങ്കണം ഷംസുദ്ദീൻ സ്മാരക പുരസ്കാരം എം ലീലാവതിക്ക് സമ്മാനിച്ചുതൃശൂർ അങ്കണം സാംസ്കാരികവേദി  ചെയർമാനായിരുന്ന  ആർ ഐ ഷംസുദ്ദീന്റെ ഒന്നാം ചരമവാർഷികാചരണവും പുരസ്കാര സമർപ്പണവും നടത്തി. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പ്രഥമ അങ്കണം ഷംസുദ്ദീൻ സ്മാരക സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിക്ക്  നോവലിസ്റ്റ് സി  രാധാകൃഷ്ണൻ സമർപ്പിച്ചു. അമ്പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. അധ്യാപന, സാഹിത്യ, സാംസ്കാരിക മേഖലയിലെ സംഭാവനയെ മുൻനിർത്തി പ്രൊഫ. എം ആർ ചന്ദ്രശേഖരന് അങ്കണത്തിന്റെ ഉപഹാരം ഡോ. എം ലീലാവതി സമ്മാനിച്ചു. യുവസാഹിത്യ കഥാ പുരസ്കാരം സൂര്യ ഗോപിക്കും  കവിത പുരസ്കാരം എം കന്നിക്കും സി രാധാകൃഷ്ണൻ സമ്മാനിച്ചു. വിദ്യാർഥികൾക്കുള്ള സാഹിത്യ പുരസ്കാരങ്ങൾ എം ടി ലിജിഷ (തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ കലാശാല), സി ആർ ഗോകുൽ വിനായക് (വാണിയംകുളം എച്ച്എസ്എസ്, ഒറ്റപ്പാലം), സുശ്രുത് കൃഷ്ണൻ (സിഎംഎസ് സ്കൂൾ, തൃശൂർ) എന്നിവർക്കും സമ്മാനിച്ചു.  അങ്കണം  സ്മരണിക 'ഓർമകളുടെ മയിൽപ്പീലിതുണ്ടുകൾ' മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പ്രകാശനം ചെയ്തു.  പ്രസ് ക്ലബ‌് സെക്രട്ടറി എം വി വിനീത  ഏറ്റുവാങ്ങി.  ഡോ. പി വി കൃഷ്ണൻനായർ അധ്യക്ഷനായി. ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, ടി വി ചന്ദ്രമോഹൻ, സി എ കൃഷ്ണൻ, ഡോ. സരസ്വതി ഷംസുദ്ദീൻ  എന്നിവർ സംസാരിച്ചു. എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News