ബംഗ്ലാദേശി യുവതിയെ വിവാഹംകഴിച്ച‌് പണംതട്ടിയ യുവാവ‌് അറസ‌്റ്റിൽകൊച്ചി > ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ബംഗ്ലാദേശി യുവതിയെ ബംഗ്ലാദേശിലെത്തി മതംമാറി വിവാഹം ചെയ്ത് ആഭരണങ്ങളും പണവും സ്വന്തമാക്കിയ ശേഷം ഉപേക്ഷിച്ച യുവാവ‌് പിടിയിൽ. മാവേലിക്കര ചുമക്കര ഐരൂർ പൊന്നാലയം വീട്ടിൽ ലിപിൻ പൊന്നപ്പനെ (29)യാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻവിവാഹക്കാര്യം മറച്ചുവച്ച് ബംഗ്ലാദേശിലെത്തി വിവാഹം ചെയ‌്ത‌് കേരളത്തിൽ കൊണ്ടുവന്ന‌് താമസിപ്പിച്ചശേഷമാണ് തട്ടിപ്പ് നടത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ബംഗ്ലാദേശി സ്വദേശിനിയെ 2014ൽ ആണ് ലിപിൻ ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇതേ കാലയളവിൽ ലിപിൻ സഹപാഠിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. തുടർന്ന‌് ഇവർ എറണാകുളത്ത് താമസിച്ചു. ഇതിനിടെ തിരുവനന്തപുരം സ്വദേശിനി ജോലിക്കായി ഗൾഫിലേക്ക് പോകുകയും അവർ അയക്കുന്ന പണംകൊണ്ട് പ്രതി ആഡംബര ജീവിതം നയിക്കുകയുമായിരുന്നു. ഈ സമയമാണ് പ്രതി ഭർത്താവുമായി പിരിഞ്ഞുനിന്ന ബംഗ്ലാദേശി യുവതിയുമായി കൂടുതൽ അടുത്തത്.  2017 ജനുവരിയിൽ ധാക്കയിലെത്തിയെ പ്രതി മതംമാറി ആര്യൻ എന്ന പേര് സ്വകരിക്കുകയും ജനുവരി 24ന‌് ബംഗ്ലാദേശിൽവച്ച‌് മതാചാരപ്രകാരം യുവതിയെ വിവാഹം കഴിക്കുകയുംചെയ്തു. തുടർന്ന് കുറച്ചുനാൾ ബംഗ്ലാദേശിൽ താമസിച്ചശേഷം യുവതിയെയും മകളെയും കേരളത്തിലേക്ക് കൊണ്ടുവന്നു. ഇവരെ ആദ്യം കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ‌്ളാറ്റിലും പിന്നീട് എറണാകുളം സൗത്ത് ഓവർ ബ്രിഡ്ജിന് സമീപമുള്ള ഫ‌്ളാറ്റിലും താമസിപ്പിച്ചു. ബംഗ്ലാദേശിലെ സമ്പന്നകുടുംബത്തിലെ അംഗമായ യുവതിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പ്രതി ക്രമേണ തട്ടിയെടുക്കുകയും യുവതിയുടെ പണം ഉപയോഗിച്ച് കാർ വാങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതിയുടെ ആദ്യ വിവാഹത്തെക്കുറിച്ച് യുവതി അറിയുന്നത്. ഇതേചൊല്ലി ഇരുവരും വഴക്കുണ്ടായി. ഈ സമയം പ്രതിയുടെ രണ്ടാംവിവാഹക്കാര്യം ആദ്യഭാര്യ അറിയുകയും ചെയ്തു. ഇതോടെ മാസം പണം അയച്ചിരുന്നത് യുവതി നിർത്തി. ഇത് പ്രതിയെ കൂടുതൽ പ്രകോപിതനാക്കുകയും ബംഗ്ലാദേശുകാരിയായ യുവതിയെയും കുട്ടിയെയും ഫ‌്ളാറ്റിൽ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നു. എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ സിഐ എ  അനന്തലാൽ ആണ് കേസന്വേഷിച്ചത്. എസ്ഐമാരായ ജോസഫ് സാജൻ, കെ സുനുമോൻ, രുപേഷ്, എഎസ്ഐ മണി, സിപിഒമാരായ ഷാജി, ഷമീർ,  മനോജ്, റീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.   Read on deshabhimani.com

Related News